'ഇവിടെ വിട്ടു പോവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല' ട്രംപിന്റെ 'പുനരധിവാസ' പദ്ധതി തള്ളി ഫലസ്തീനികള്‍, നിര്‍ദ്ദേശത്തിനെതിരെ ഈജിപ്തും ജോര്‍ദാനും
ഗസ്സ സിറ്റി: ഗസ്സ വൃത്തിയാക്കാന്‍ ഗസ്സന്‍ ജനതയെ ജോര്‍ദാനിലും ഈജിപ്തിലും പുനരധിവസിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഇരു രാജ്യങ്ങളും ട്രംപിന്റെ നിര്‍ദ്ദേശം തള്ളി.
'ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഫലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ നിലനില്‍ക്കും. അവര്‍ അവിടെ നിന്ന് എങ്ങോട്ടുമ മാറില്ല. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് ഉറച്ചതാണ്' ജോര്‍ദാന്‍ വിദേശ കാര്യമന്ത്രി അയ്മന്‍ സഫാദി വ്യക്തമാക്കി. പുനരധിവാസ നിര്‍ദ്ദേശം തള്ളിയ നിലപാട് ഉറച്ചതാണ്. നാമാഗ്രഹിക്കുന്ന സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ അത് അത്യന്താപേക്ഷിതവുമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഫലസ്തീനിലാണ്. ജോര്‍ദാന്‍ ജോര്‍ദാനികള്‍ക്കുള്ളതാണ്, ഫലസ്തീന്‍ ഫലസ്തീനികള്‍ക്കുള്ളതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികളെ സീനായിയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടുന്ന ഒരു പരിഹാരത്തിലും ഈജിപ്തിന് ഭാഗമാകില്ല,' വാഷിങ്ടണിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടുന്നു.
'ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷമായാണ് ഫലസ്തീന്‍ ജനതയും പ്രതികരിച്ചത്.
ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവയുള്‍പ്പെടെ ഫലസ്തീന്‍ ഭൂമിയുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പലസ്തീന്‍ ജനതയും അവരുടെ നേതൃത്വവും നിരാകരിക്കുന്നു'- ഫലസ്തീന്‍ ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു.
'ഫലസ്തീന്‍ ജനത ഒരിക്കലും അവരുടെ ഭൂമിയോ പുണ്യസ്ഥലങ്ങളോ ഉപേക്ഷിക്കില്ല, 1948 ലും 1967 ലും ഉണ്ടായ ദുരന്തങ്ങള്‍ (നക്ബ) ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ ജനങ്ങള്‍ ഉറച്ചുനില്‍ക്കും, അവരുടെ മാതൃരാജ്യം വിട്ടുപോകില്ല' പ്രസ്താവനയില്‍ ഊന്നിപ്പറയുന്നു.
ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹമാസും രംഗത്തെത്തി.
'ഫാസിസ്റ്റ് ഇസ്‌റാഈലി അധിനിവേശ സൈന്യം നടത്തിയ ആധുനിക ചരിത്രത്തിലെ ഏറ്റവും ഭയാനകമായ വംശഹത്യയെ തലയുയര്‍ത്തി ഉറച്ചു നിന്ന് നേരിട്ടവരാണ് ഫലസ്തീന്‍ ജനത. അവരുടെ ഭൂമിയില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനോ നാടുകടത്തുന്നതിനോ ഉള്ള ഏതൊരു പദ്ധതിയെയും ഞങ്ങള്‍ പൂര്‍ണ്ണമായും നിരസിക്കുന്നു' ഹമാസ് പ്രതികരിച്ചു.
'ഇസ്‌റാഈലിന്റെ ഗൂഢ ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്നതും ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കും സ്വതന്ത്ര ഇച്ഛാശക്തിക്കും വിരുദ്ധവുമായ ഈ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കണം- ഹമാസ് യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും ജറുസലേം തലസ്ഥാനമായി അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാന്‍ പ്രാപ്തമാക്കുന്നതിനുമായി പ്രവര്‍ത്തിക്കൂ- ഹമാസ് ട്രംപിനോട് പറഞ്ഞു.
ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമനെ ഫോണില്‍ വിളിച്ചാണ് ട്രംപ് കഴിഞ്ഞ ദിവസം നിര്‍ദേശം സമര്‍പ്പിച്ചത്. ഒപ്പം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കു മുമ്പാകെയും ഇതേ നിര്‍ദേശം ഉന്നയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ച പിന്നിട്ടിട്ടും വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാന്‍ ഫലസ്തീന്‍ ജനതയെ ഇസ്‌റാഈല്‍ അനുവദിച്ചിട്ടില്ല. മാത്രമല്ല അഭയാര്‍ഥികള്‍ക്കു നേരെ ആക്രമണവും നടത്തുന്നുണ്ട്. ഇസ്‌റാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
U.S. President Donald Trump's suggestion to relocate Gaza residents to Jordan and Egypt has faced strong criticism. Both countries have firmly rejected the proposal, with Jordan's Foreign Minister Ayman Safadi reaffirming that Palestinians will remain in their homeland to achieve lasting peace and stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."