വീടിനു സമീപമെത്തിയത് രാവിലെ 6.30 ന്; ലൈംഗികബന്ധത്തിനിടെ കഴുത്തില്‍ കുത്തി; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്
കഴക്കൂട്ടം: തിരുവനന്തപുരം കഠിനംകുളത്തു യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് ആതിര ചായ നല്‍കി. ഈ സമയം കയ്യില്‍ കരുതുന്ന കത്തി മുറിക്കുള്ളിലെ മെത്തയ്ക്കുള്ളില്‍ സൂക്ഷിച്ചു.
പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്.
ഇന്നലെ കോട്ടയം ചിങ്ങവനം കുറിച്ചിയില്‍ നിന്നാണ് കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്തുവരുകയായിരുന്നു. ജനുവരി ഏഴിന് നാട്ടില്‍ പോകുന്നു എന്ന് പറഞ്ഞ് ജോണ്‍സണ്‍ ഇവിടെ നിന്ന് പോകുകയായിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തി.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരാണ് ജോണ്‍സനെ തിരിച്ചറിഞ്ഞത്. തന്ത്രപൂര്‍വ്വം പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലിസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ ജോണ്‍സണ്‍ വിഷം കഴിച്ച് രക്ഷപെടാന്‍ ശ്രമിച്ചു.
ഇയാളെ പൊലിസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിര്‍ദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക.
കൊല്ലപ്പെട്ട ആതിരയുടെ സുഹൃത്താണ് ജോണ്‍സണ്‍. ഇയാള്‍ ഭാര്യയുടെ നാടായ ചെല്ലാനത്താണു താമസിച്ചിരുന്നത്. അഞ്ച് വര്‍ഷം മുന്‍പു വിവാഹമോചനം നേടിയിരുന്നു. കൊലപാതകത്തിന് 5 ദിവസം മുന്‍പു പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു.
കൊലപാതക ശേഷം ആതിരയുടെ സ്‌കൂട്ടറിലാണ് സ്ഥലംവിട്ടത്. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പ്രതി ട്രെയിനില്‍ സംസ്ഥാനം വിട്ടെന്നായിരുന്നു പൊലിസിന്റെ നിഗമനം. ഏഴ് മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജീവ് വെളിപ്പെടുത്തി.
ഈ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ്, വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ ആതിരയെ കഠിനംകുളത്തെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അമ്പലത്തില്‍ പൂജയ്ക്കു പോയ ഭര്‍ത്താവ് രാജീവ് 11.30 ഓടെ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."