ഉക്രൈനും റഷ്യയും 25 വീതം തടവുകാരെ കൈമാറി; മദ്ധ്യസ്ഥത വഹിച്ച് യുഎഇ
മോസ്‌കോ: 25 വീതം യുദ്ധത്തടവുകാരെ പരസ്പരം കൈമാറി ഉക്രൈനും റഷ്യയും. യുദ്ധത്തടവുകാരുടെ കൈമാറ്റ ചര്‍ച്ചകള്‍ക്ക് യുഎഇയാണ് മദ്ധ്യസ്ഥത വഹിച്ചത്.
'ഇവര്‍ ഞങ്ങളുടെ സൈനികരും സാധാരണക്കാരായ പൗരന്മാരുമാണ്,' യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനു പിന്നാലെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു. യുദ്ധത്തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച, ഇതിനു മുമ്പും സമാനമായ കൈമാറ്റങ്ങള്‍ക്ക് ഇടനിലക്കാരായ യുഎഇക്ക് സെലെന്‍സ്‌കി നന്ദി പറഞ്ഞു.
മോചിപ്പിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ തടവുകാരന് 24 വയസ്സും മുതിര്‍ന്ന വ്യക്തിക്ക് 60 വയസ്സുമുണ്ടെന്ന് ഉക്രൈയ്‌നിലെ യുദ്ധത്തടവുകാരുടെ കോഓര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചു.
യു.എ.ഇ.യുടെ മധ്യസ്ഥ ശ്രമങ്ങളുമായുള്ള സഹകരണത്തിനും വിജയകരമായ ബന്ദികളുടെ കൈമാറ്റത്തിലെ അവരുടെ പങ്കിനും വിദേശകാര്യ മന്ത്രാലയം റഷ്യയെയും ഉക്രൈനെയും അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതില്‍ യുഎഇയുടെ പങ്കിനുള്ള ഇരു രാജ്യങ്ങളുടെയും അഭിനന്ദനമാണിത് പ്രതിഫലിപ്പിക്കുന്നത്.
കൂടാതെ ഉക്രൈനിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും അഭയാര്‍ഥികള്‍ക്കും ബന്ദികള്‍ക്കും ഉള്‍പ്പെടെ പ്രതിസന്ധിയുടെ ഫലമായി മാനുഷിക ആഘാതങ്ങള്‍ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളുടെയും വിജയം ഉറപ്പാക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.
2022 ഡിസംബറില്‍ യുഎസും റഷ്യയും തമ്മില്‍ രണ്ട് തടവുകാരെ വിജയകരമായി കൈമാറ്റം ചെയ്തതിനു പുറമേ റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധത്തടവുകാരുടെ പതിനൊന്ന് കൈമാറ്റങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ യുഎഇ നിര്‍ണായക പങ്കു വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."