കെഎൽ രാഹുലല്ല, ഡൽഹി ക്യാപ്പിറ്റൽസിനെ ഈ സീസണിൽ നയിക്കുക ആ താരം; റിപ്പോർട്ട്
ഡൽഹി: 2025 ഐപിഎൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾ റൗണ്ടർ അക്‌സർ പട്ടേലിനെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. മെഗാ ലേലത്തിൽ കെഎൽ രാഹുൽ, ഫാഫ് ഡുപ്ലെസിസ് എന്നീ മികച്ച താരങ്ങളെ ഡൽഹി സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ മറ്റു ടീമുകളുടെ ക്യാപ്റ്റൻസിയിൽ പ്രവർത്തിച്ചതിന്റെ പരിചയ സമ്പത്തുള്ള താരങ്ങളാണ് ഇരുവരും. എന്നിട്ടും ഇരുവരെയും ഡൽഹി ക്യാപ്റ്റൻമാരായി പരിഗണിക്കാതിരിക്കുകയാണ്.
2019 മുതൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പമുള്ള താരമാണ് അക്‌സർ പട്ടേൽ. കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ ഡൽഹിയെ അക്‌സർ പട്ടേൽ നയിച്ചിട്ടുണ്ട്. റിഷബ് പന്തിനു ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ ആണ് അക്‌സർ ഡൽഹിയെ നയിച്ചത്.
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-൨൦ പരമ്പരയിൽ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി അക്‌സർ പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ച് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ട്വന്റി ട്വന്റി പരമ്പര ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക.
ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയും നടക്കും. ഇത് കഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിയിൽ ആയിരിക്കും ഇന്ത്യ കളിക്കുക. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."