31 വർഷങ്ങൾക്ക് ശേഷം വീണ്ടും; ന്യൂസിലാൻഡിനെതിരെ ഹാട്രിക് തിളക്കത്തിൽ മഹേഷ് തീക്ഷണ
ഹാമിൽട്ടൺ: ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാട്രിക് നേടി തിളങ്ങി ശ്രീലങ്കൻ താരം മഹീഷ് തീക്ഷണ. ഹാട്രിക് അടക്കം നാല് വിക്കറ്റുകളാണ് മഹീഷ് തീക്ഷണ നേടിയത്. മത്സരത്തിൽ 35-ാം ഓവറിലെ അവസാന രണ്ട് പന്തിൽ രണ്ട് വിക്കറ്റ് നേടിയ 37-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിക്കൊണ്ട് ഹാട്രിക് സ്വന്തമാക്കുകയായിരുന്നു. കിവീസ് താരങ്ങളായ മിച്ചൽ സാൻ്റ്നർ, നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി എന്നിവരെ പുറത്താക്കിയാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്.
ഇത് രണ്ടാം തവണയാണ് ഏകദിനത്തിൽ ന്യൂസിലൻഡിന്റെ മണ്ണിൽ ഒരു ഹാട്രിക് പിറക്കുന്നത്. 1994ൽ നേപ്പിയറിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് താരം ഡാനി മോറിസൺ ആയിരുന്നു ഇതിനു മുമ്പ് ഏകദിനത്തിൽ ന്യൂസിലാൻഡിൽ ഹാട്രിക് നേടിയത്. ഇന്ത്യയ്ക്കെതിരെയായിരുന്നു ഡാനി മോറിസൺ ഹാട്രിക് നേടിയത്.
മാത്രമല്ല ശ്രീലങ്കക്കായി വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമാണ് തീക്ഷണ. ചാമിന്ദ വാസ് , ലസിത് മലിംഗ , ഫർവേസ് മഹ്റൂഫ്, തിസാര പെരേര, വനിന്ദു ഹസരങ്ക എന്നിവരായിരുന്നു ശ്രീലങ്കക്കായി ഏകദിനത്തിൽ ഹാട്രിക് നേടിയത്.
എന്നാൽ മത്സരത്തിൽ 113 റൺസിന് ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 37 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണ് നേടിയത്. എന്നാൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 142 റൺസിൽ അവസാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."