കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.ഒന്നാം വേദിയായ എം.ടി-നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടിയുടെ നാമഥേയത്തിലുള്ള നിളയില്‍ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലുള്ള കൊടിമരത്തില്‍ രാവിലെ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ എ. ഷാനവാസ് പതാക ഉയര്‍ത്തി.തുടര്‍ന്ന് കലാമണ്ഡലം അണിയിച്ചൊരുക്കിയ അവതരണശില്‍പത്തോടെയാണ് വേദികള്‍ ഉണര്‍ന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങളുമായെത്തുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘനൃത്തവും അവതരിപ്പിക്കും.
ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ ആഘാതത്തില്‍ അവിടങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വരമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയി. കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കിയും പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും നാം അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജി എച്ച് എസിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ്. ആ നിലയ്ക്ക്, കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സര്‍വ്വതല സ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവര്‍ത്തനങ്ങളും അതിന്റെ മൂര്‍ത്തീഭാവമായ ഇത്തരം മേളകളുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല കലാരൂപങ്ങളും അതിന്റെ സൃഷ്ടാക്കളും പല കാലത്തും ആക്രമണത്തിനു വിധേയമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു വേണ്ടുവോളം ഉദാഹരണങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങള്‍ നടന്നു. അതില്‍ മനസ്സുമടുത്ത് കലാപ്രവര്‍ത്തനം നിര്‍ത്തിയില്ല ആ കലാകാരന്മാര്‍. ഞാനിതു പറയുന്നത് കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായോ ത്യാഗമാവശ്യമില്ലാത്തവയോ അല്ല എന്നു സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളെ മനസ്സു തളരാതെ അതിജീവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്കു കടക്കുന്നവര്‍ ആര്‍ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നദികളുടെ പേരിട്ട 25 വേദികളിലേക്ക് 14 ജില്ലകളില്‍നിന്നായി പതിനായിരത്തിനു മുകളില്‍ പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനെത്തുന്നത്. വേദികളില്‍ തിരശീല ഉയരുന്നതോടെ തിരുവനന്തപുരം ഇനി അഞ്ചുനാള്‍ കലയുടെ കൂടി തലസ്ഥാനമാകും.മുഖ്യമന്ത്രി രാവിലെ പത്തു മണിക്ക് തിരികൊളുത്തുന്നതോടെ നഗരത്തില്‍ പലയിടങ്ങളിലായി ഒരുക്കിയ 24 വേദികള്‍ കലയാല്‍ സജീവമാകും. അവതരണ ശില്‍പത്തില്‍ ചരിത്രത്തിലാധ്യമായി ഗോത്രവിദ്യാര്‍ഥികളും ചുവടുവയ്ക്കും. ഉദ്ഘാടന ചടങ്ങില്‍ ഒമ്പതര മിനിറ്റ് നീളുന്നതാണ് കേരളീയ കലകളെല്ലാം സമന്വയിപ്പിച്ചുള്ള രംഗ ശില്‍പം. 42 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
വിവിധ ജില്ലകളില്‍നിന്ന് ഓണ്‍ലൈനായി ഏകദേശം 700 രജിസ്ട്രേഷനുകള്‍ ഇന്നലെ വൈകുന്നേരം വരെ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."