യുഎസ് ട്രഷറി ഹാക്ക്; അമേരിക്കക്ക് ചെെനയുടെ മുട്ടൻ പണി
കെ. സെെനുല്‍ ആബിദ്
നാട്ടിൽ എവിടെയെങ്കിലും ഒരു സ്ത്രീക്ക് ഗർഭം ഉണ്ടായാൽ അതും ഞമ്മളാണ് എന്ന് പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. ഇതിന്റെ നേർ വിപരീതമാണ് ഇപ്പോൾ ചൈനയുടെ അവസ്ഥ. നാട്ടിൽ എന്ത് പ്രശ്നമുണ്ടായാലും ഉടൻ പിന്നിൽ ചൈനയാണെന്ന് പറയുന്ന അമേരിക്കയാണിപ്പോൾ ചൈനയെ എട്ടുകാലി മമ്മൂഞ്ഞിന്റെ വിപരീത പതിപ്പിലെത്തിരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റിലെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതാണ് ഏറ്റവും ഒടുവിൽ ചൈനയ്ക്ക് മേൽ യു.എസ് ചുമത്തിയ കുറ്റം. നേരത്തെയും സമാനമായ ഹാക്കിങ് ആരോപണങ്ങൾ ചൈനക്കെതിരേ യു.എസ് ഉന്നയിച്ചിട്ടുണ്ട്. ഇത് കൂടാതെ, പനാമ കനാലിന്റെ നിയന്ത്രണത്തിലും പ്രവർത്തനത്തിലും ചൈന ഇടപെടുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ വേറെയും. ഇത്തരത്തിൽ യു.എസ് നിരന്തരം തങ്ങൾക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നതിൽ ചൈനയ്ക്കും അമർഷമുണ്ട്. അതവർ പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. വസ്തുതകളുടെ പിൻബലമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് യു.എസ് അധികൃതർ നിരന്തരം ഉന്നയിക്കുന്നതെന്നാണ് ചൈന പറയുന്നത്.
കഴിഞ്ഞ മാസമാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളിൽ ഹാക്കർമാർ അതിക്രമിച്ചുകയറി സുപ്രധാന രേഖകൾ അപഹരിച്ചത്. ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ് യു.എസ് എം.പിമാരെ കത്തയച്ച് അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കിയണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയതെന്നും ഡാറ്റ ബേസുകളിലേക്കും വർക്ക് സ്റ്റേഷനുകളിലേക്കും ഹാക്കർമാർക്ക് ആക്‌സസ് ലഭിച്ചെന്നും ട്രഷറി ഉദ്യോഗസ്ഥർ കത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സംഭവത്തിൽ എഫ്.ബി.ഐ. അടക്കമുള്ള ഏജൻസികൾ അന്വേഷണം നടത്തിവരികയാണെന്നും ട്രഷറി വകുപ്പ് പറയുന്നു.
ട്രഷറി വകുപ്പിന്റെ തേർഡ് പാർട്ടി സർവിസ് പ്രൊവൈഡറായ ബിയോണ്ട്ട്രസ്റ്റ് വഴിയാണ് ഹാക്കർമാർ കംപ്യൂട്ടർ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറിയത്. യു.എസ് സംസ്ഥാനമായ ജോർജിയൻ തലസ്ഥാനമായ അറ്റ്ലാന്റയിലെ ജോൺസ് ക്രീക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് ബിയോണ്ട്ട്രസ്റ്റ്. ധനകാര്യ സ്ഥാപനങ്ങൾക്കാവശ്യമായ സുരക്ഷാ തന്ത്രങ്ങളും നയങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എൻ്റർപ്രൈസ് ഇൻഫർമേഷൻ സെക്യൂരിറ്റി ആർക്കിടെക്ചർ ഒരുക്കുന്ന ബിയോണ്ട് ട്രസ്റ്റിന്റെ മുഖമുദ്ര തന്നെ സ്ഥാപനങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങളും ഐ.ടി സുരക്ഷയും സംയോജിപ്പിച്ച് ആവശ്യമായ സുരക്ഷിതത്വം നൽകുകയെന്നതാണ്.
ഈ ബിയോണ്ട് ട്രസ്റ്റാണ് അമേരിക്കൻ ട്രഷറിവകുപ്പിലെ ജീവനക്കാർക്ക് റിമോട്ട് ടെക്‌നിക്കൽ സപ്പോർട്ട് ഉൾപ്പെടെ നൽകിക്കൊണ്ടിരിക്കുന്നത്. ഇവരുടെ സകലമാന സുരക്ഷാ സജ്ജീകരണങ്ങളെയും നിഷ്പ്രഭമാക്കിയാണ് ഹാക്കർമാർ നുഴഞ്ഞുകയറ്റം നടത്തി വിവരങ്ങൾ കൈക്കലാക്കിയത്. ടെക്നിക്കൽ പ്രവർത്തനങ്ങൾക്കായി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന കീവേർഡുൾപ്പെടെ ഹാക്കർമാർക്ക് ലഭിച്ചതായാണ് വിവരം. ഹാക്കർമാരുടെ പ്രധാനലക്ഷ്യം പണം അപഹരിക്കലായിരുന്നില്ലെന്നും വിവരങ്ങൾ ചോർത്തലായിരുന്നെന്നുമാണ് ട്രഷറിവകുപ്പ് നൽകുന്ന സൂചന. ഡിസംബർ രണ്ടിന് തന്നെ സിസ്റ്റങ്ങളിൽ സംശയാസ്പദമായ ചില കാര്യങ്ങൾ ബിയോണ്ട്ട്രസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഇത് ഹാക്കിങ് ആണെന്ന് കമ്പനിക്ക് ആദ്യം തിരിച്ചറിയാനായില്ല. പിന്നീട് ഹാക്കിങാണെന്ന് ഉറപ്പിച്ചതിനു പിന്നാലെ ഡിസംബർ എട്ടിനാണ് ഹാക്കിങ് നടന്നതായി ബിയോണ്ട്ട്രസ്റ്റ് ട്രഷറി വകുപ്പിനെ അറിയിച്ചത്. എന്നാൽ, ഹാക്ക് ചെയ്യപ്പെട്ടു എന്നതിലുപരി മറ്റ് പ്രതികരണങ്ങളൊന്നും ബിയോണ്ട് ട്രസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
നിലവിൽ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഹാക്കിങ് ഭീഷണിയില്ലെന്നും ഹാക്ക് ചെയ്ത ശൃംഖല സർവിസിൽനിന്ന് നീക്കിയതായും യുഎസ് ട്രഷറി മാനേജ്‌മെൻ്റിൻ്റെ ആക്ടിങ് അസിസ്റ്റൻ്റ് സെക്രട്ടറി അദിതി ഹാർദികർ യു.എസ് സെനറ്റിലെ ബാങ്കിങ് ഹൗസിങ്, അർബൻ അഫയേഴ്‌സ് കമ്മിറ്റിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹാക്കിങ് ശ്രദ്ധയിൽപ്പെട്ടതോടെ ബിയോണ്ട്ട്രസറ്റ് പിന്നീട് ഓഫ്‌ലൈനാക്കി മാറ്റുകയും ചെയ്തു. ‘‘ചൈന ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് പെർസിസ്റ്റൻ്റ് ത്രെറ്റ് (ഒരു കംപ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് അനധികൃതമായി പ്രവേശനം നേടുകയും ദീർഘനാളത്തേക്ക് കണ്ടെത്താനാകാതെ നിലകൊള്ളുകയും ചെയ്യുന്ന മോഷ്ടാവ്- എ.പി.ടി) ആണ് ഹാക്ക് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചത്.
ട്രഷറിയെ സംബന്ധിച്ച് ഈ കടന്നുകയറ്റങ്ങൾ ഒരു പ്രധാന സൈബർ സുരക്ഷാ സംഭവമായാണ് കണക്കാക്കുന്നത്. തേർഡ് പാർട്ടി സൈബർ സെക്യൂരിറ്റി സേവനദാതാവായ ബിയോണ്ട് ട്രസ്റ്റിന്റെ സേവനങ്ങൾ ഇപ്പോൾ ഓഫ്‌ലൈൻ ആക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി, ട്രഷറി അതിൻ്റെ സൈബർ പ്രതിരോധത്തെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നവരിൽ നിന്ന് സംരക്ഷിക്കുന്നതിന് ഞങ്ങൾ സ്വകാര്യ, പൊതുമേഖലാ പങ്കാളികളുമായി പ്രവർത്തിക്കുന്നത് തുടരും” ട്രഷറി വിഭാഗം വക്താവ് അറിയിച്ചു. അതേസമയം, എത്രത്തോളം വിവരം ചോർന്നെന്നതിനെക്കുറിച്ച് ട്രഷറി വകുപ്പ് കൃത്യമായവിവരം നൽകിയിട്ടില്ലെന്നാണ് റിപോർട്ട്. ട്രഷറി വകുപ്പിന്റെ പ്രധാനവിവരങ്ങളിലേക്കൊന്നും ഹാക്കർമാർക്ക് കടന്നുകയറാനായിട്ടില്ലെന്നാണ് ട്രഷറി വകുപ്പ് അവകാശപ്പെടുന്നതെങ്കിലും വളരെ ഗുരുതരമായ സൈബർ ആക്രമണമാണ് നടന്നതെന്ന് ട്രഷറി വകപ്പ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഹാക്കിങ് എത്രത്തോളം ബാധിച്ചെന്ന് അറിയാൻ സൈബർസെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി (CISA)യുമായും ഫൊറൻസിക് അന്വേഷണ ഉദ്യോഗസ്ഥരുമായും ചേർന്ന് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിഷയത്തിൽ 30 ദിവസത്തിനകം വ്യക്തമായ റിപ്പോർട്ട് നൽകുമെന്നുമാണ് ട്രഷറി വകുപ്പ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. സംഭവം എഫ്.ബി.ഐ, യു.എസ് സൈബർ സെക്യൂരിറ്റി, ഇൻഫ്രാസ്ട്രക്ചർ സെക്യുരിറ്റി ഏജൻസി തുടങ്ങിയവ അന്വേഷിക്കുന്നുണ്ട്.
മാസങ്ങൾക്കുമുമ്പും ചൈനയ്‌ക്കെതിരേ യു.എസ് സമാന ആരോപണം ഉന്നയിച്ചിരുന്നു. അമേരിക്കയിലെ മുൻനിര ടെലി കമ്മ്യൂഷണിക്കേഷൻ കമ്പനികൾക്ക് നേരെ ചൈന സൈബർ ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളെ ലക്ഷ്യമിട്ടും സൈബർ ആക്രമണമുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. ഇതിനുപിന്നിലെല്ലാം പ്രവർത്തിച്ച സൈബർ കുറ്റവാളികൾക്ക് ചൈനയുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക പറയുന്നത്. അതിനിടെ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞദിവസം റഷ്യ, ഇറാൻ സ്ഥാപനങ്ങൾക്കെതിരേ യു.എസ് ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു.
ചൈനയുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങളാണ് അമേരിക്കയ്ക്ക് സൈബർ സുരക്ഷാ ഭീഷണിയുർത്തി ഹാക്കിങ് നടത്തുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. വിവിധ സംഘങ്ങളായാണ് ചൈനീസ് ഹാക്കർമാർ പ്രവർത്തിക്കുന്നത്. ഈ സംഘങ്ങൾക്കെല്ലാം ചൈനീസ് സർക്കാരുമായി ബന്ധമുണ്ട്. സാൾട്ട് ടൈഫൂൺ, വോൾട്ട് ടൈഫൂൺ, ജഡ്ജ്‌മെന്റ് പാണ്ട തുടങ്ങിയവയാണ് പ്രധാനാ ഹാക്കിങ് സംഘങ്ങൾ. അമേരിക്കൻ വ്യവസായികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, ചൈനയുടെ വിമർശകർ തുടങ്ങിയവരെയാണ് ഇവർ ലക്ഷ്യമിടുന്നതെന്നും അമേരിക്ക പറയുന്നു. സാൾട്ട് ടൈഫൂൺ ആണ് യു.എസിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് നേരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ. അമേരിക്കയിലെ ഏതാനും ജലസേചന പദ്ധതികൾ, പവർ ഗ്രിഡ് തുടങ്ങിയ മേഖലകളിലാണ് വോൾട്ട് ടൈഫൂൺ നുഴഞ്ഞുകയറിത്. എ ടി ആൻഡ് ടി, വെരിസോൺ, ടി-മൊബൈൽ, ലുമെൻ എന്നിവയുൾപ്പെടെ അമേരിക്കയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് നേരെ 2024ൽ നടന്ന സൈബർ ആക്രമണം ചൈയുടെ പിന്തുണോടെ സാൾട്ട് ടൈഫൂൺ ആണ് നടത്തിയത്. സെനറ്റ് / ജനപ്രതിനിധി സഭാംഗങ്ങളുടെ ഫോൺ കോളുകളും ടെക്സ്റ്റ് മെസേജുകളും മറ്റും നിരീക്ഷിക്കാനും സുപ്രധാന വിവരങ്ങൾ ചോർത്താനും സൈബർ ക്രിമിനലുകൾക്ക് ഇതിലൂടെ കഴിഞ്ഞുവെന്നും യു.എസ് അധികൃതർ കുറ്റപ്പെടുത്തുന്നു.
2024 ഡിസംബർ 5ന് അമേരിക്കയിലെ എട്ട് ടെലികോം കമ്പനിക്ക് നേരെ ഹാക്കിങ് നടന്നതായി ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൈനീസ് ചാര സംഘമായ സാൾട്ട് ടൈഫൂൺ ആണ് ഇതിനുപിന്നിലെന്നും ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. പിന്നീട് യുഎസിലെ ഒമ്പതാമത്തെ ടെലികോം സ്ഥാപനവും ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കി ഡിസംബർ 27ന് യു.എസ് ഡെപ്യൂട്ടി ദേശീയ ഡെസൈബർ സുരക്ഷാ ഉപദേഷ്ടാവ് ആനി ന്യൂബെർഗർ തന്നെ രംഗത്തെത്തിയിരുന്നു. അമേരിക്കക്കാരുടെ സ്വകാര്യ ഫോൺ സംഭാഷണങ്ങളും ടെക്സ്റ്റ് മെസേജുകളുമുൾപ്പെടെ ചൈനീസ് സംഘം ചോർത്തിയെന്നും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരുമുൾപ്പെടെ ഹാക്കിങിന് ഇരകളായെന്നും ആനി ന്യൂബെർഗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരകളുടെ പേര് പുറത്തുവിട്ടില്ലെങ്കിലും മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖ രാഷ്ട്രീയ നേതാക്കളും അക്കൂട്ടത്തിൽ ഉണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. ഈ ഹാക്കിങ് അമേരിക്കക്കാരെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുകയും അലട്ടുകയും ചെയ്തിരിക്കുന്നത്. ഹാക്കിങ് വിവരമറിഞ്ഞപ്പോൾ എനിക്കെന്റെ ഫോൺ തകർക്കാൻ തോന്നിയെന്ന മുൻ യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ ചെയർമാൻ ബ്രണ്ടൻ കാറിന്റെ പ്രതികരണം മാത്രം മതി അമേരിക്കക്കാരുടെ ഇക്കാര്യത്തിലെ സങ്കടവും ദേഷ്യവും കുറിക്കാൻ.
ഇതിനപുറമെ 2024 മാർച്ചിൽ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ഏഴ് ചൈനീസ് പൗരന്മാർക്കെതിരേ അമേരിക്ക കുറ്റംചുമത്തിയിരുന്നു. ഏകദേശം 14 വർഷമായി നടന്നുകൊണ്ടിരിക്കുന്ന ഹാക്കിങ് ഓപ്പറേഷനുകളിൽ പങ്കാളികളാണെന്ന് ആരോപിച്ചാണ് അമേരിക്ക ഇവർക്കെതിരേ നടപടിയെടുത്തത്. ജഡ്ജ്‌മെന്റ് പാണ്ട എന്ന ഹാക്കിങ് ഗ്രൂപ്പ് ഇവരാണ് നടത്തിയിരുന്നതെന്നും ഇവർതന്നെയാണ് 2021ൽ യു.കെ.യിലെ പാർലമെന്റംഗങ്ങളുടെ ഇമെയിലുകൾ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തിയതെന്നും യുഎസ് ആരോപിക്കുന്നു.
ചൈനക്കെതിരായ ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകൾ നൽകാൻ അമേരിക്കക്കായിട്ടില്ലെങ്കിലും ചൈന പൂർണമായും പരിശുദ്ധരാണെന്നങ്ങ് വിശ്വസിക്കാനും പറ്റാത്തരീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അമേരിക്ക മാത്രമല്ല, യു.കെയും തായ്വാനും ന്യൂസിലാന്റുമെല്ലാം ചൈനീസ് സൈബർ ആക്രമണത്തിനിരയായിട്ടുണ്ടെന്ന ആരോപണങ്ങളുയരുമ്പോൾ പ്രത്യേകിച്ചും. യു.കെ.യിൽ ഇലക്ട്രൽ കമ്മിഷന് നേരേയാണ് സൈബർ ആക്രമണമുണ്ടായത്.
2021-2022 കാലയളവിലുണ്ടായ ആക്രമണത്തിന് പിന്നിൽ ചൈനീസ് സർക്കാരാണെന്ന് 2024 മാർച്ചിലാണ് യു.കെ ആരോപിച്ചത്. ദശലക്ഷക്കണക്കിന് വോട്ടർമാരെ ബാധിക്കാൻ സാധ്യതയുള്ള സങ്കീർണമായ സൈബർ ആക്രമണത്തിനാണ് യുകെ ഇരയായതെന്നും 2021 ഓഗസ്റ്റ് മുതൽ ഇലക്ടറൽ രജിസ്റ്ററുകളുടെ പകർപ്പുകളിലേക്ക് പ്രവേശനം നേടിയെടുക്കാൻ വ്യക്തതയില്ലാത്ത ഹാക്കർമാർക്ക് കഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. തായ്‌വാനിലെ വിവിധ ചൈനീസ് വിരുദ്ധ സംഘടനകൾക്ക് നേരെ ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് സംഘം ആക്രമണം നടത്തിയെന്ന ആരോപണമാണ് ഉയർന്നത്. 2023 നവംബറിനും 2024 ഏപ്രിലിനും ഇടയിൽ ഹാക്കിങ് ഗ്രൂപ്പായ റെഡ്ജൂലിയറ്റ് രണ്ട് ഡസനോളം സംഘടനകളുടെ സിസ്റ്റങ്ങളിലാണ് കടന്നുകയറിയത്. തായ്‌വാനിന്റെ നയതന്ത്ര ബന്ധങ്ങൾ, സാങ്കേതിക വികസനം തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാണ് ചൈന നടത്തിയതെന്നാണ് ആരോപണം. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തള്ളക്കളഞ്ഞ ചൈന, യു.എസും യു.കെയും അവർക്ക് സംഭവിക്കുന്ന സൈബർ സുരക്ഷാവീഴ്ചകൾ രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഏഴ് ചൈനീസ് പൗരന്മാർക്കെതിരേ അമേരിക്ക കേസെടുത്തതിന് പിന്നാലെ ചൈനയുടെ വിദേശകാര്യ വക്താവ് ലിൻ ജിയാൻ നടത്തിയ വാർത്താ സമ്മേളനം ഇരു രാജ്യങ്ങളെയും കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു. ചൈനയെ അപകീർത്തിപ്പെടുത്തുന്നതും ചൈനയ്‌ക്കെതിരേ ഏകപക്ഷീയമായ ഉപരോധമേർപ്പെടുത്തുന്നതും യു.എസും യു.കെയും അവസാനിപ്പിക്കണം. ഇരുരാജ്യങ്ങളും ചൈനയ്‌ക്കെതിരേ നടത്തുന്ന സൈബർ ആക്രമണങ്ങൾ നിർത്തണമെന്നും 2024 മാർച്ചിൽ ബെയ്ജിങ്ങിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ലിൻ ജിയാൻ ആവശ്യപ്പെട്ടിരുന്നു.
അടിസ്ഥാനമില്ലാത്ത വസ്തുതകൾ ചൂണ്ടിക്കാട്ടി ചൈനയ്‌ക്കെതിരേ യുഎസ് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നായിരുന്നു യു.എസ് ട്രഷറി ഹാക്കിങ് ആരോപണത്തിന് പിന്നാലെയുള്ള ചൈനയുടെ പ്രതികരണം. തീർത്തും അടിസ്ഥാനരഹിതവും തെളിവുകളില്ലാത്തതുമായ ആരോപണങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയരക്ടർ (ഇൻഫർമേഷൻ) മാവോ നിങ് പറഞ്ഞു. എല്ലാരീതിയിലുള്ള ഹാക്കിങ്ങിനെയും സ്ഥിരമായി എതിർക്കുന്നവരാണ് ചൈന. അതുപോലെതന്നെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് ചൈനയ്‌ക്കെതിരേ നടത്തുന്ന തെറ്റായ പ്രചരണത്തെയും ശക്തമായി എതിർക്കുന്നതായും മാവോ നിങ് പറഞ്ഞു. സൈബർസുരക്ഷാ വീഴ്ചയെ ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ഉപകരണമാക്കുന്നത് യു.എസ്. അവസാനിപ്പിക്കണമെന്നായിരുന്നു അമേരിക്കയിലെ ചൈനീസ് എംബസിയുടെ പ്രതികരണം. ചൈനീസ് ഹാക്കിങ് ഭീഷണിയെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു. നെഗറ്റീവ് പ്രചാരണം നടത്തി ചൈനയുടെ പ്രശസ്തി നശിപ്പിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള സ്മിയർ ആക്രമണമാണ് അമേരിക്ക നടത്തുന്നതെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു.
യു.എസിനെ സംബന്ധിച്ച് കന്നത്ത നഷ്ടവും അതിലേറെ അപമാനവും ഉണ്ടാക്കിയ നടപടിയാണ് ഹാക്കിങ്. എന്നാൽ, ഹാക്കിങ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ശക്തമായ നടപടിയെടുക്കുന്നതിന് പകരം ചൈനക്കെതിരേ യു.എസിൽ പൊതുവികാരം ഉണർത്താൻ തക്കരീതിയിലുള്ള പ്രതികരണങ്ങൾ നടത്തുകയാണ് ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നതിന് പിന്നാലെ അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ചൈനയുടെ സ്മിയർ ആക്രമണ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളതാണ്. പെഗസസ് തുടങ്ങി വ്യക്തികളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറ്റം നടത്തുന്ന നിരവധി ചാര സോഫ്റ്റ് വെയറുകളുടെ മൊത്ത ഉൽപ്പാദനവും വിപണനവും നടത്തുന്ന ഇസ്റാഈൽ പോലുള്ള രാജ്യങ്ങളെ എല്ലാ അർഥത്തിലും പിന്തുണയ്ക്കുകയും മറുഭാഗത്ത് തെളിവുകളുടെ പിൻബലമില്ലാതെ ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുമ്പോൾ അമേരിക്കയുടെ നടപടി സംശയാസ്പദമാവുന്നത് സ്വാഭാവികം മാത്രമാണ്.
us treasury hacked china cyber war
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."