'അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി' കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ
(കെ.എഫ്.സി) അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്‍ നല്‍കിയെന്നാണ് ആരോപണം. ഈ ഇടപാടിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റേതും. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കുന്നു. വ്യവസായ ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കുക എന്നതാണ് കെ.എഫ്.സിയുടെ പ്രധാന ഉദ്ദേശ്യം. സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വായ്പകള്‍ നല്‍കാന്‍ രൂപീകരിച്ച സ്ഥാപനം 2018 ഏപ്രില്‍ 26ന് അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2018 ഏപ്രില്‍ 19ന് നടന്ന കെ.എഫ്.സിയുടെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാന പ്രകാരമാണ് പണം നിക്ഷേപിച്ചത്. 201819 ലെ കമ്പനിയുടെ ആനുവല്‍ റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് ബോധപൂര്‍വ്വം വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നിയമ പ്രകാരം റിസര്‍വ് ബാങ്കിലോ നാഷണലൈസ്ഡ് ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാവൂ എന്നും ബോണ്ടിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആണെങ്കില്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018-19 സാമ്പത്തിക വര്‍ഷത്തെ കെ.എഫ്.സി ബോര്‍ഡ് മീറ്റിംഗ് നടന്നത് 2018 ജൂണ്‍ 18നാണ്. പക്ഷെ അംബാനി കമ്പനിയില്‍ 2018 ഏപ്രില്‍ 19ലെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരം ഏപ്രില്‍ 26നാണ് പണം നിക്ഷേപിച്ചിരുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."