അഞ്ചാം ടെസ്റ്റിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. നിലവിൽ പരമ്പരയിലെ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഓസ്ട്രേലിയ 2-1ന് മുന്നിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവസാന മത്സരം വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കാനാവും ഇന്ത്യ ലക്ഷ്യം വെക്കുക. എന്നാൽ അവസാന മത്സരത്തിലും ജയം തുടർന്ന് പരമ്പരയിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാനായിരിക്കും ഓസ്ട്രേലിയ ഇറങ്ങുന്നത്.
സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് നിരാശ നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പരുക്ക് കാരണം ഇന്ത്യൻ പേസർ ആകാശ് ദീപ് അഞ്ചാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നട്ടെല്ലിനു പരിക്കേറ്റതാണ് ആകാശ് ദീപിനു തിരിച്ചടിയായതെന്നാണ് വാർത്തകൾ നിലനിൽക്കുന്നത്.
പരമ്പരയിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഇന്ത്യൻ ബൗളിങ്ങിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ബൗളർ ആയിരുന്നു ആകാശ് ദീപ്. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ രണ്ട് വിക്കറ്റുകൾ ആയിരുന്നു താരം നേടിയിരുന്നത്. ആകാശിന് പകരം ഹർഷിത് റാണ അവസാന ടെസ്റ്റ് ടീമിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ടീമിൽ സ്പെഷ്യലിസ്റ്റ് പേസർമാരെ കൂടുതൽ ആവശ്യമാണെങ്കിൽ പ്രസീദ് കൃഷ്ണയും ടീമിൽ ഇടം നേടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെകിൽ സ്പിൻ ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരിൽ ഒരാൾ പുറത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."