ഹൈസ്‌കൂളിലെ അനധ്യാപകര്‍ക്ക് ഹയര്‍സെക്കന്‍ഡറിയിലും ജോലി; പ്രതിഷേധം - സ്കൂൾ ലയനത്തിന് മുന്‍പുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാർ
കൊല്ലം: ഹൈസ്‌കൂള്‍ - ഹയര്‍സെക്കന്‍ഡറി ലയനം നിലവില്‍ വരുന്നതിന് മുമ്പേ, എയ്ഡഡ് ഹൈസ്‌കൂളുകളിലെ അനധ്യാപകര്‍ക്ക് ഹയര്‍സെക്കന്‍ഡറിയും ജോലി ചെയ്യേണ്ടിവരുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഖാദര്‍ കമ്മിറ്റി ശുപാര്‍ശയുടെ ചുവടുപിടിച്ചുള്ള വിദ്യാഭ്യാസച്ചട്ട (കെ.ഇ.ആര്‍.)ഭേദഗതിയാണ് പ്രതിഷേധത്തിനിടയാക്കുന്നത്. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ അനധ്യാപകര്‍ക്ക് അവധി അനുവദിക്കുന്നതിനുള്ള അധികാരം ഹയര്‍സെക്കന്‍ഡറി പ്രന്‍സിപ്പല്‍മാര്‍ക്ക് ഭേദഗതിയിലൂടെ നൽകുന്നുണ്ട്.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ പല എയ്ഡഡ് സ്‌കൂളുകളിലും ഹൈസ്‌കൂളിലെ അനധ്യാപകരോട് ഹയര്‍സെക്കന്‍ഡറിയിലും ജോലി ചെയ്യണമെന്ന് മാനേജര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. സ്‌കൂള്‍ ലയനം പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെയാണ് അനധ്യാപകരെക്കൊണ്ട് ഇരട്ടി ജോലി ചെയ്യിപ്പിക്കുന്നതിനുള്ള നീക്കമെന്ന് ആരോപണമുണ്ട്. ഹയര്‍ സെക്കന്‍ഡറിയിലാകട്ടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് അനധ്യാപക നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കാത്ത സ്ഥിതിയാണ്.
ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ക്ക് ഇരട്ടി ജോലിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത്തരമൊരു നീക്കം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആറായിരത്തിലധികം അനധ്യാപക തസ്തികകളും ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിൽ ലൈബ്രേറിയന്‍, ക്ലര്‍ക്ക് അടക്കമുള്ള മീനിസ്റ്റീരിയല്‍ ജീവനക്കാരുടെ അഭാവം സ്‌കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
സ്‌കൂള്‍ തൂത്തുവാരാന്‍ പോലും ജീവനക്കാരില്ലാത്ത സാഹചര്യമാണ് പലയിടത്തും. ഇതിനിടെ, തിരുവനന്തപുരം കണിയാപുരത്ത് ഹൈസ്‌കൂള്‍ അനധ്യാപകര്‍ക്ക് അവധി അനുവദിക്കുന്നതിനുള്ള അധികാരം ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന് നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉത്തരവിറക്കിയിരുന്നു.
സ്‌കൂള്‍ ഏകീകരണം പൂര്‍ത്തിയായാല്‍ മാത്രമെ അനധ്യാപകര്‍ക്ക് മേലുള്ള അധികാരം പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിക്കൂ എന്നിരിക്കെയാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത് സംബന്ധിച്ച് കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."