പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു; 2025ലെ ആദ്യ ഇരയായി എട്ട് വയസുകാരൻ ആദം
ഗസ്സസിറ്റി:പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു. ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ 2025ലെ ആദ്യ ഇരയായി മാറിയത് എട്ട് വയസുകാരൻ ആദം ഫർഹല്ലയാണ്. പുതുവർഷം പുലർന്നതിന് പിന്നാലെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിലാണ് ആദം ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി. ബുധനാഴ്ച പുലർച്ചെ ബുറൈജ് ക്യാമ്പിലെ അബുദാഹർ എന്നയാളുടെ കുടുംബ വീടിന് നേരെ ഇസ്രാഈൽ സൈന്യം ബോംബെറിലാണ് ആദം ഫർഹല്ല കൊല്ലപ്പെടുന്നത്. മൃതദേഹത്തിനരികെ കുട്ടിയുടെ ഛേദിക്കപ്പെട്ട കാൽ പിടിച്ചുനിൽക്കുന്നൊരു ഫലസ്‌തീനിയൻ കൗമാരക്കാരൻ്റെ ഹൃദയം നുറുങ്ങുന്ന ചിത്രം പ്രാദേശിക സാമൂഹിക പ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്.
പട്ടിണിയിലും കൊടും തണുപ്പിലും ഉറങ്ങുകയായിരുന്ന ഫർഹാന് സംഭവിച്ചതാണിതെന്ന്, കൗമാരക്കാരൻ കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയിൽ കേൾക്കാവുന്നതാണ്. അതേസമയം വടക്കൻ ജബാലിയ, ഗസ്സ സിറ്റി, തെക്കൻ ഖാൻ യൂനിസ് എന്നിവിടങ്ങളിലും പുതുവത്സര ദിനത്തിൽ ഇസ്രാഈൽ ആക്രമണം നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 29 ഫലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രാഈൽ സൈന്യത്തിൻ്റെ ആക്രമണങ്ങൾക്ക് പുറമെ കൊടുംതണുപ്പും മഴയും ഗസ്സയിൽ ദുരിതം വിതക്കുകയാണ്. യുദ്ധത്തിൽ തകർന്ന പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് ടെന്റുകൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഏഴ് കുട്ടികളാണ് ശൈത്യം ബാധിച്ച് മരിച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം റിപ്പോട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."