കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം; കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് തല്ലിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി.പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുവരും എൻസിസി ക്യാമ്പിനെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കളാണ്. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.
കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്‍റ് കർണയിൽ സിങ്ങിനാണ് രക്ഷിതാക്കളിൽ നിന്ന് മർദ്ദനമേറ്റത്. സംഭവത്തിൽ കേണൽ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ മർദിച്ചതിന് പരാതി നൽകിയിരുന്നു. സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടിക്കൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. ആർമി ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റ് വൈകുന്നതിൽ ഉദ്യോഗസ്ഥർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.
ഈ മാസം 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തിരുന്നത്. ക്യാമ്പിൽ നിന്നും 23ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത് തുടങ്ങിയത്. പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ക്യാമ്പിൽ സംഘർഷം നടക്കുന്നത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാംപ് പിരിച്ച് വിടുകയും അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."