'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍
തിരുവനന്തപുരം: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍ക്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല. രണ്ട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും പണം ചെലവാക്കാന്‍ നാട്ടില്‍ നിയമമുണ്ടെന്നും മുന്‍ കേന്ദ്രസഹമന്ത്രി പറഞ്ഞു.
വയനാടിന് അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം കണക്ക് നല്‍കാത്തതുകൊണ്ടാണ് പുനരധിവാസത്തിനുള്‍പ്പെടെയുള്ള സാമ്പത്തിക സഹായം അനുവദിക്കാത്തതെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു.
അതേസമയം, മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വി. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍.ഡി.എഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ തനിനിറം ഒരിക്കല്‍ കൂടി പുറത്തായെന്നായിരുന്നു ടി. സിദ്ദിഖ് എം.എല്‍.എയുടെ പ്രതികരണം. അടിയന്തര സഹായം നല്‍കാന്‍ എന്ത് റിപ്പോര്‍ട്ട് ആണ് ആവശ്യമെന്നും അതിന് വി മുരളീധരനും കേന്ദ്രസര്‍ക്കാരും മറുപടി പറയണമെന്നും ആവശ്യപ്പെട്ട സിദ്ദിഖ് സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സി.പി.എം നേതാവ് സി.കെ ശശീന്ദ്രനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."