തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വര്‍ഷത്തിനകത്ത് വിചാരണ നടത്തണമെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആന്റണി രാജു അടക്കം പ്രതികള്‍ അടുത്ത മാസം 20ന് വിചാരണ കോടതിയില്‍ ഹാജരാകണം.
ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അഭിഭാഷകനായിരിക്കെ ലഹരിമരുന്നു കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന ആന്റണി രാജുവിനെതിരായ കേസിലെ തുടര്‍നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്ഐആര്‍ റദ്ദാക്കിയെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതേതുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.
1990 ഏപ്രില്‍ 4നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."