കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മിയെ (48 ) സുഹൃത്തായ ജയചന്ദ്രന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം. ജയചന്ദ്രന്റെ വീട്ടില്‍ നിന്ന് മൃതദേഹം പൊലിസ് കണ്ടെത്തി. അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലിസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.
നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു. രണ്ടിടത്തും പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
കുലശേഖരപുരം സ്വദേശിനി വിജയലക്ഷ്മി(49)യെ നാലുദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു.പ്രതി ജയചന്ദ്രന്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു.
അതിനിടെ എറണാകുളം പൊലിസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുള്ള ജയചന്ദ്രനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."