വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്
പാലക്കാട്: ബി.ജെ.പി വിട്ട് സന്ദീപ് വാര്യറുടെ കടന്നുവരവും എതിരാളികൾ തൊടുത്തുവിട്ട വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനായതും യു.ഡി.എഫിന് മേൽക്കൈ നൽകിയിട്ടുണ്ടെന്നതാണ് പാലക്കാട്ടെ ഇതുവരെയുള്ള ചിത്രം. തുടക്കത്തിൽ അസ്വാരസ്യങ്ങൾ യു.ഡി.എഫിനൊപ്പമായിരുന്നെങ്കിൽ പാതിരാ റെയ്ഡിൽ മുതൽ സി.പി.എമ്മിലെ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നതും സന്ദീപ് വാര്യർ തൊടുത്തുവിട്ട ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളും യു.ഡി.എഫിനെ കൂടുതൽ കരുത്തരാക്കി. സ്ഥാനാർഥി നിർണയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള അഭിപ്രായഭിന്നത ഇപ്പോഴില്ലെന്നതും മണ്ഡലത്തിൽ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
ശക്തമായ ത്രികോണ മത്സരത്താൽ ശ്രദ്ധേയമായ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ വിവാദങ്ങളുടെയും വേലിയേറ്റമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് യു.ഡി.എഫ് ഒരുപടി മുന്നേറിയെങ്കിലും ആ നേട്ടത്തിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായുള്ളൂ. കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ ഡോ. പി. സരിൻ സ്ഥാനാർഥിനിർണയത്തിനെതിരേ പരസ്യ പ്രതികരണവുമായെത്തിയത് യു.ഡി.എഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപന മേൽക്കൈക്ക് തിരിച്ചടിയായി.
കോൺഗ്രസിൽ വിമത ശബ്ദമുയർത്തിയ സരിനെ തന്നെ തങ്ങളുടെ സ്ഥാനാർഥിയാക്കി എൽ.ഡി.എഫ് രാഷ്ട്രീയ തന്ത്രങ്ങളിൽ മേൽക്കൈ നേടി. ബി.ജെ.പിയിൽ ശോഭ സുരേന്ദ്രനെ വെട്ടി സി. കൃഷ്ണകുമാർ തന്നെ സ്ഥാനാർഥിയായതോടെ പാലക്കാട്ടെ ത്രികോണ മത്സരത്തിൻ്റെ ചിത്രവും വ്യക്തമായി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട്ട് ബി.ജെ.പി - യു.ഡി.എഫ് പോരാട്ടമായിരുന്നെങ്കിലും സരിൻ്റെ വരവോടെ ശക്തമായൊരു മത്സരം ഒരുക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.
തുടക്കം പോലെ തന്നെ വിവാദങ്ങളുടെ പരമ്പര തന്നെയായിരുന്നു പിന്നീടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കണ്ടത്. പാതിരാ റെയ്ഡും നീല ട്രോളി ബാഗും ഇരട്ടവോട്ട് ആരോപണവും ഇ.പി ജയരാജൻ്റെ ആത്മകഥയും പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യവിഷയമായി. വിവാഹവേദിയിൽ വച്ച് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കൈകൊടുക്കാൻ നിരസിച്ചതിനെ പ്രചാരണ വിഷയമാക്കാനായിരുന്നു തുടക്കത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിൻ ശ്രമിച്ചത്.
എന്നാൽ, ആ കാംപയിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായുള്ളൂ. യു.ഡി.എഫ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ പാതിരാത്രിയിൽ പൊലിസിനെ ഉപയോഗിച്ച് മിന്നൽ പരിശോധന നടത്തിയതോടെ പിന്നീട് പാലക്കാട്ടെ പ്രചാരണ വിഷയം പാതിരാ റെയ്ഡും ട്രോളി ബാഗുമായിരുന്നു. സി.പി.എമ്മിനോടൊപ്പം ബി.ജെ.പിയും യു.ഡി.എഫിനെതിരേ റെയ്ഡും ട്രോളി ബാഗും പ്രചരണായുധമാക്കിയെങ്കിലും അതിനും ഏറെ ആയുസുണ്ടായില്ല. ഈ വിവാദം യു.ഡി.എഫിനാണ് മേൽക്കൈ നേടിക്കൊടുക്കുന്നതെന്ന് മനസിലാക്കിയതോടെ ആദ്യം ബി.ജെ.പിയും പിന്നെ സി.പി.എമ്മും കൈയൊഴിഞ്ഞു.
പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകൾ നേരിട്ടിട്ടും കള്ളപ്പണ റെയ്ഡിൽ ഉറച്ചു നിന്ന സി.പി.എം ജില്ലാ സെക്രട്ടറി ഗത്യന്തരമില്ലാതെ ഇരട്ട വോട്ട് വിവാദം ഏറ്റുപിടിക്കുകയായിരുന്നു. മണ്ഡലത്തിൽ വ്യാപകമായി ഇരട്ടവോട്ട് ചേർത്തിട്ടുണ്ടെന്നായിരുന്നു സി.പി.എം ആരോപണം. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിൻ വ്യാജരേഖകൾ ചമച്ച് മണ്ഡലത്തിൽ വോട്ടുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതോടെ ഇരട്ടവോട്ട് ആരോപണത്തിലും സി.പി.എം പ്രതിരോധത്തിലായി.
ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ജയിച്ചുകയറാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാൽ, പാതിരാ റെയ്ഡിന് പുറകെ പോയി പുലിവാൽ പിടിച്ചതും ആർ.എസ്.എസ് ഇടപെടൽ ഉണ്ടായിട്ടും സന്ദീപ് വാര്യർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേക്കേറിയതും ബി.ജെ.പി ക്യാംപിനെ നിരാശരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."