നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയത് ഏറെ നാളായി ആഗ്രഹിച്ച് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റത്തില്‍ നാട്ടിലേയ്ക്ക് പോകാനിരിക്കെ. ഏഴുമാസം മാത്രമായിരുന്നു വിരമിക്കാനുണ്ടായിരുന്നത്. ഇന്ന് രാവിലെ അദ്ദേഹം പത്തംതിട്ടയില്‍ എത്തേണ്ടതായിരുന്നു. ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങുന്ന നവീന്‍ബാബുവിനെയും കാത്ത് ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിട്ടും അദ്ദേഹം വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്.
ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ കണ്ണൂരില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കുന്നില്‍ നവീന്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ ജില്ലാ കളക്ടരുടെ ഗണ്‍മാനാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്.
സി.പി.എം അനുഭാവികളാണ് നവീന്റെ കുടുംബം. വളരെ മാന്യമായി ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്ന് സുഹൃത്ത് മലയാലപ്പുഴ ശശി പറഞ്ഞു. പത്തനംതിട്ടയില്‍ ഏറെക്കാലം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇതുവരെയും അദ്ദേഹത്തിനെതിരെ ഒരു പരാതികളും കേട്ടിട്ടില്ല. ആക്ഷേപങ്ങള്‍ക്ക് ഇടകൊടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ജോലിയുടെ ഭാഗമായി ഏറെനാളായി നാട്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസം മുന്‍പാണ് കണ്ണൂരിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചത്.
ഇതിനുമുന്‍പ് കാസര്‍കോടായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. കാസര്‍കോട്ടുകാര്‍ക്ക് വളരെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. കാസര്‍കോട്ടുനിന്ന് പോരുന്നതില്‍ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അദ്ദേഹം സംസാരിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കില്ലെന്ന് തോന്നിയതിനാല്‍ വിളിച്ചില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി ഉന്നയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിന് തിരഞ്ഞെടുത്ത വേദി ശരിയായില്ലെന്നും ശശി പറഞ്ഞു.
നവീന്‍ ബാബു ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് കുടുംബം പ്രതികരിച്ചു. നവീനെ അഴിമതിക്കാരനെന്ന രീതിയില്‍ ചിത്രീകരിച്ചതാണ്, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴുന്നയാളല്ല നവീന്‍. ആര് സഹായം ചോദിച്ചാലും ചെയ്യാന്‍ കഴിയുന്നതെല്ലാം കൃത്യമായി ചെയ്തു കൊടുക്കുന്നയാളാണെന്നും അമ്മാവന്‍ പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാറാണ്. രണ്ട് പെണ്‍മക്കളുണ്ട്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. എ.ഡി.എം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."