ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്
കൊച്ചി: രാജ്യത്തെ ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവു വരുന്നുവെന്ന് പഠനം. മുന്‍വര്‍ഷങ്ങളില്‍ ഗ്രാമീണ കര്‍ഷക കുടുംബങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ അഞ്ചുവര്‍ഷ കാലയളവിനിടെ 31 ശതമാനം കുറഞ്ഞുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016- 17ല്‍ 1.08 ഹെക്ടറായിരുന്നു ശരാശരി ഭൂവിസ്തൃതി.
പുതിയ കണക്കുപ്രകാരം ഇത് കേവലം 0.74 ശതമാനമായി. അതായത്, മൂന്നില്‍ ഒന്നായാണ് ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവു വന്നിരിക്കുന്നത്. രണ്ടാം നബാര്‍ഡ് ഓള്‍ ഇന്ത്യ റൂറല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ (നാഫിസ്) സര്‍വേയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016- 17നു ശേഷം നബാര്‍ഡിന്റെ രണ്ടാമത്തെ സര്‍വേയാണിത്.
കടങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016- 17ല്‍ 47.4 ശതമാനമായിരുന്ന കടബാധ്യതാ നിരക്ക് നിലവില്‍ 52 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. വായ്പാനിരക്ക് 60.5ശതമാനത്തില്‍നിന്ന് 75.5 ആയും ഉയര്‍ന്നിട്ടുണ്ട്. ധനകാര്യ സ്ഥാപന സ്രോതസുകളില്‍നിന്ന് വായ്പയെടുക്കുന്ന കാര്‍ഷിക കുടുംബങ്ങളുടെ അനുപാതം 75.5ശതമാനമായും ഉയര്‍ന്നു. 2016- 17ല്‍ 60.5 ശതമാനത്തില്‍നിന്ന് 2021- 22ല്‍ 75.5 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. കാര്‍ഷികേതര കുടുംബങ്ങളുടെ അനുബന്ധ വർധനവ് 56.7 ശതമാനം ആയിരുന്നത് 2021ല്‍ 72 % ആയി.
ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6 ശതമാനം വര്‍ധനവുണ്ടായതായും നബാര്‍ഡ് സര്‍വേ ഫലം പറയുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, 2016- 17ലെ 8,059 രൂപയില്‍നിന്ന് 2021- 22ല്‍ 12,698 രൂപയായി ഉയര്‍ന്നു. അതേസമയം, പ്രതിമാസ ചെലവുകളും ഉയരുന്നുണ്ട്. 6,646 രൂപയായിരുന്ന പ്രതിമാസ ചെലവ് ഇന്ന് 11,262 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്, 69.4 ശതമാനത്തിന്റെ വര്‍ധന.
സാമ്പത്തിക സാക്ഷരത മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 33.9 ശതമാനത്തില്‍നിന്ന് 51.3 ശതമാനമായാണ് സാമ്പത്തിക സാക്ഷരത വര്‍ധിച്ചിരിക്കുന്നത്.
2021- 22ല്‍ ഗ്രാമീണ കുടുംബങ്ങളിൽ ശരാശരി വാര്‍ഷിക സമ്പാദ്യം 66 ശതമാനം ഉയര്‍ന്ന് 13,209 രൂപയിലെത്തി. അഞ്ചുവര്‍ഷം മുമ്പ് ഇത് 9,104 രൂപയായിരുന്നു. കൊവിഡിനു ശേഷം ഒരു അംഗമെങ്കിലും ഇന്‍ഷ്വര്‍ ചെയ്ത കുടുംബങ്ങളുടെ അനുപാതം 25.5 ശതമാനത്തില്‍നിന്ന് 80.3 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരുലക്ഷം ഗ്രാമീണ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് നബാര്‍ഡ് സര്‍വേ നടത്തിയത്. കൃഷിയും ഗ്രാമവികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി പാര്‍ലമെന്റിന്റെ നിയമപ്രകാരം 1982ല്‍ സ്ഥാപിതമായ വികസന ബാങ്കാണ് നബാര്‍ഡ്. കൊവിഡിനു ശേഷമുള്ള കാലയളവിലെ നിരവധി സാമ്പത്തിക, സാമ്പത്തിക സൂചകങ്ങളില്‍ ഒരു ലക്ഷം ഗ്രാമീണ കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക സര്‍വേ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."