എ.ഡി.എമ്മിന്റെ ആത്മഹത്യ: പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്
തിരുവനന്തപുരം: കണ്ണൂരിൽ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. അടിയന്തരപ്രമേയ ചർച്ചയ്ക്കിടെയാണ് വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. അഴിമതിക്കാരനല്ലാത്ത എ.ഡി.എമ്മിന് വേണ്ടി യാത്രയയപ്പ് സംഘടിപ്പിച്ചപ്പോൾ ക്ഷണിക്കാതെ അവിടെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുടെ അനുമതിയില്ലാതെ മൈക്കെടുത്ത് അപമാനിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
അഭിമാനത്തിന് ഏറ്റ ക്ഷതംമൂലം അദ്ദേഹം ആത്മഹത്യ ചെയ്തു. കലക്ടറുടെയും സഹപ്രവർത്തകരുടെയും മുന്നിൽ എ.ഡി.എമ്മിനെ അപമാനിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്,അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി പറയുന്നതിനിടെ, പ്രതിപക്ഷത്തു നിന്ന് സണ്ണി ജോസഫ് എഴുന്നേറ്റ് സംഭവം വീണ്ടും പരാമർശിക്കാൻ ശ്രമിച്ചത് സ്പീക്കർ എതിർത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സണ്ണി ജോസഫിന് സ്പീക്കർ മൈക്ക് നൽകാതിരുന്നതോടെ, പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലെത്തി സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം രൂക്ഷമായതോടെ, വിഷയത്തിൽ മറുപടി പറയാമെന്ന് ധനമന്ത്രി അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
പിന്നാലെ സഭാനടപടികൾ ബഹിഷ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. പ്രതിപക്ഷം പ്രതിഷേധമുയർത്തി ഇറങ്ങിപ്പോയതിനോട് മന്ത്രിമാർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ട്രെയിൻ പിടിക്കാനാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്ന് മന്ത്രി കെ.എൻ ബാലഗോപാലും എം.ബി രാജേഷും പരിഹസിച്ചു. പ്രതിപക്ഷത്തിന്റേത് തെറ്റായ കീഴ് വഴക്കമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
നവീൻ ബാബു വിശ്വസ്തനായ ഉദ്യോഗസ്ഥൻ, ഒരു പരാതിയുമില്ല: മന്ത്രി രാജൻ
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബു വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും മന്ത്രി കെ. രാജൻ. നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷം എ.ഡി.എം വിഷയം ഉന്നയിച്ചതിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
കണ്ണൂർ കലക്ടറോട് പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ ആരെയും ന്യായീകരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. പിന്നീട് നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കണ്ട മന്ത്രി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. നവീൻ ബാബുവിനെക്കുറിച്ച് ഇതുവരെ മോശം പരാതി വന്നിട്ടില്ല. വ്യക്തിപരമായ അറിവനുസസരിച്ച് സത്യസന്ധനായ കഴിവുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."