രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില
ഹാനോയ്: വിയറ്റ്നാമിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് സമനില. ഇരു ടീമുകളും ഓരോ ഗോൾവീതം കണ്ടെത്തിയിരുന്നു. 38-ാം മിനിറ്റിൽ ഗുർപ്രീത് സിങിൻ്റെ സെൽഫ് ഗോളിൽ വിയറ്റ്നാമാണ് ആദ്യം അക്കൗണ്ട് തുറന്നത്. 53-ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയിലൂടെ സമനില സമനില ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിൽ 11-ാം മിനിറ്റിൽ വിയറ്റ്നാമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് തടുത്തിട്ട് ഗുർപ്രീത് രക്ഷകനാകുകയായിരുന്നു.
രണ്ടാം മിനിറ്റിൽ വിയറ്റ്നാം ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്കെതിരെ ആതിഥേയർ പിടിമുറുക്കി. എന്നാൽ അതിവേഗം കളിയിലേക്ക് മടങ്ങിയെത്തിയ നീലപട വിങുകളിലൂടെ മുന്നേറ്റം നടത്തി. എന്നാൽ 11-ാം മിനിറ്റിൽ ബോക്സിൽ രാഹുൽ ബേക്കെ വിയറ്റ്നാം താരത്തെ ഫൗൾ ചെയ്‌തതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. എന്നാൽ പെനാൽറ്റി കൈപിടിയിലൊതുക്കി ഗുർപ്രീത് ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു.
38-ാം മിനിറ്റിൽ വിയറ്റ്നാം മത്സരത്തിലെ ലീഡെടുത്തു. ഇന്ത്യൻ ബോക്‌സിലേക്കെത്തിയ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് തട്ടിയകറ്റുന്നതിൽ ഗുർപ്രീതിന് പിഴച്ചതാണ് ഗോളിൽ അവസാനിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ഇന്ത്യ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ ശൈലിയിൽ പന്തുതട്ടി 53-ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയിലൂടെ സമനില പിടിക്കുകയായിരുന്നു. അൻവർ അലി നൽകിയ ലോങ്ബോൾ സ്വീകരിച്ച് മുന്നേറിയ ഫാറൂഖ് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾകീപ്പർക്ക് തലക്ക് മുകളിലൂടെ വല കുലുക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ വിജയഗോളിനായി ഇരുടീമുകളും മുന്നേറ്റം ശക്തമാക്കിയെങ്കിലും പ്രതിരോധത്തിൽ തട്ടി ലക്ഷ്യം അകലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."