വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക് -വിൽപ്പനയ്ക്കുണ്ട് ദുരിതം
കോഴിക്കോട്: വേതനമില്ലാതെ, കടുത്ത വേദനയിൽ കഴിയുകയാണ് സാക്ഷരതാ പ്രേരക്മാര്‍. തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചതിലെ അവ്യക്തതയാണ് ഇവരുടെ ദുരിതമേറ്റുന്നത്. നോഡല്‍ പ്രേരകുമാര്‍ക്ക് 15000 രൂപയും പ്രേരക്മാര്‍ക്ക് 12000 രൂപയുമാണ് മാസവേതനം. ഇതുപോലും കൃത്യമായി ലഭിക്കുന്നില്ല.
2023 സെപ്റ്റംബറിലാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇവരെ പുനര്‍വിന്യസിച്ചത്. 60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും വേതനം നല്‍കാനായിരുന്നു തീരുമാനം. 2024 ഏപ്രില്‍ മുതല്‍ വേതനം മുഴുവനും തദ്ദേശസ്ഥാപനങ്ങള്‍ നല്‍കാനും മൂന്നുമാസം കൂടുമ്പോള്‍ തുകയുടെ 40 ശതമാനം സാക്ഷരതാമിഷന്‍ അനുവദിച്ചുനല്‍കാനും തീരുമാനമായി.
ഇതുപ്രകാരം മിക്ക പഞ്ചായത്തുകളും വേതനം നല്‍കി. എന്നാല്‍ ജൂണിലെ ഉത്തരവ് വീണ്ടും പ്രതിസന്ധിയിലാക്കി.
ഇതുപ്രകാരം 60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും നല്‍കുമെന്നാണ്. എന്നാല്‍ ഇതിനുശേഷം വേതനം മുടങ്ങുന്നത് തുടര്‍ക്കഥയായി. ജൂണ്‍ മുതല്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം മാത്രമാണ് ലഭിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കനുസരിച്ച് പലയിടത്തും കുടിശ്ശികയേറുമെന്ന് പ്രേരകുമാർ തന്നെ പറയുന്നു. മുന്‍പ് സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങൾ മാത്രമായിരുന്നു ഇവരുടെ ജോലി. ഇപ്പോള്‍ പഞ്ചായത്തു പ്രവര്‍ത്തനങ്ങളില്‍ക്കൂടി സഹകരിക്കണം. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.
4,7,10 തുല്യതാ ക്ലാസ് പഠിതാക്കളെ കണ്ടെത്തല്‍, രജിസ്റ്റര്‍ ചെയ്യല്‍, ക്ലാസുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്. രാവിലെ മുതല്‍ പഞ്ചായത്തുകളിൽ ജോലി നോക്കണം. ശേഷമാണ് സാക്ഷരതാ ജോലികള്‍ക്ക് സമയം കണ്ടെത്തേണ്ടത്. ഇത് ഇരട്ടിപ്രഹരമായി. എന്നിട്ടും ഓണക്കാലത്തുപോലും വേതനം നല്‍കാത്തത് കടുത്ത ക്രൂരതയാണെന്ന് കെ.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."