'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍
തെല്‍ അവീവ്: സേവനം അവസാനിപ്പിക്കുമന്ന മുന്നറിയിപ്പുമായി ഇസ്‌റാഈലില്‍ 130 സൈനികര്‍. ഗസ്സയില്‍ നിലക്കാത്ത കൂട്ടക്കൊല തുടരുകയും വെടിനിര്‍ത്തലിനോ ബന്ദി മോചനത്തിനോ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് സൈനികരുടെ നീക്കം.
വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച് ബന്ദികളെ വിട്ടയക്കാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ ജോലിയില്‍ തുടരില്ലെന്ന് ഇസ്‌റാഈല്‍ മന്ത്രിസഭയെയും സൈനിക മേധാവിയെയും അഭിസംബോധന ചെയ്ത് സൈനികര്‍ കൂട്ടമായി ഒപ്പുവെച്ച കത്തില്‍ പറയുന്നു. ''ഗസ്സ യുദ്ധം ബന്ദികളുടെ മടക്കം വൈകിപ്പിക്കുമെന്ന് മാത്രമല്ല, അവരുടെ മോചനം അപായപ്പെടുത്തുകയും ചെയ്യും. ഇനിയും കരാറിലെത്തുന്നില്ലെങ്കില്‍ ജോലിയില്‍ തുടരില്ല'' കത്തില്‍ സൈനികര്‍ വ്യക്തമാക്കുന്നു.
വടക്കന്‍ ഗസ്സയില്‍ ദിവസങ്ങള്‍ക്കിടെ നാലു ലക്ഷം ഫലസ്തീനികളെയാണ് കുടിയൊഴിപ്പിച്ചത്. വടക്കന്‍ ഗസ്സയെ വാസയോഗ്യമല്ലാതാക്കി സമ്പൂര്‍ണ അധിനിവേശം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ കുടിയൊഴിപ്പിക്കലെന്നാണ് സൂചന. ഇവിടെ ആക്രമണങ്ങളില്‍ ഇതിനകം 17 ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആശുപത്രികള്‍ പൂര്‍ണമായി ഒഴിയണമെന്ന് ഇസ്‌റാഈല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ജബലിയ അഭയാര്‍ഥി ക്യാംപിലും കനത്ത ആക്രമണം തുടരുകയാണ്. പുറത്തിറങ്ങുന്നവര്‍ക്ക് നേരെ വെടിവെപ്പും ബോംബിങ്ങും നടത്തുന്നുണ്ട്. ഒരു വര്‍ഷം പിന്നിട്ട അധിനിവേശത്തിനിടെ മൂന്നാം തവണയാണ് ക്യാംപ് ആക്രമിക്കപ്പെടുന്നത്. ഇവിടെ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."