അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക്
മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയില്‍ ഒരു സ്വര്‍ഗീയ ഭൂമിയുണ്ട്. മനോഹരമായ ക്യാന്‍വാസില്‍ പ്രകൃതി ഒരുക്കിവച്ചത്... ഇതാണ് മലപ്പുറത്തെ 'മിനി ഗവി' എന്നറിയപ്പെടുന്ന 'കക്കാടംപൊയില്‍'. സമുദ്ര നിരപ്പില്‍ നിന്നു 2200 മീറ്റര്‍ ഉയരത്തിലാണിത് ഇത് സ്ഥിതി ചെയ്യുന്നത്. ഹില്‍ സ്റ്റേഷന്റെ മനോഹാരിത നിങ്ങള്‍ക്കാസ്വദിക്കണമെങ്കില്‍ ഇവിടെയെത്തിയാല്‍ മതി. സദാസമയവും കോടമൂടുന്ന ഇവിടുത്തെ തണുത്ത കാറ്റ് ഏതൊരു സഞ്ചാരിയുടെയും മനസൊന്നു കുളിര്‍പ്പിക്കുക തന്നെ ചെയ്യും.
പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വേണ്ടി ഇനി ഊട്ടിയിലോ കൊടൈക്കനാലിലോ പോകേണ്ടതില്ല. ഈ മിനി ഗവിയില്‍ എത്തിയാല്‍ ഇവയെല്ലാം ആവോളം ആസ്വദിക്കാം നിങ്ങള്‍ക്ക്. കോടയും തെന്നലും കുളിരും വെള്ളച്ചാട്ടവുമെല്ലാം ഉള്ള ഇവിടെ ചരിത്ര പ്രാധാന്യമുള്ളതുമാണ്. സാഹസികത ഏറെ ഇഷ്ടമുള്ളവര്‍ക്കും പറ്റിയ ഇടമാണ്. കുത്തനെയുള്ള മലമുകളിലേക്ക് കയറാനും ഇറങ്ങാനും കുന്നിന്‍ മുകളില്‍ ഏറെ നേരം ചെലവഴിക്കാനും നിങ്ങള്‍ക്കു സാധിക്കും.
മാത്രമല്ല, ഇനി തണുത്ത വെള്ളത്തില്‍ നീന്തി തുടിക്കാന്‍ തോന്നുന്നവര്‍ക്ക് അതിനുള്ള അരുവികളും നീര്‍ച്ചാലുകളും പ്രകൃതി തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ട്രക്കിങ് താത്പര്യമുള്ളവര്‍ക്കും പറ്റിയ ഡെസ്റ്റിനേഷന്‍ കൂടിയാണ് ഈ മിനി ഗവി. ഒറ്റ ദിവസത്തേക്ക് ഒരു ട്രിപ്പ് അടിച്ച് വൈബാക്കാനാണെങ്കില്‍ അതിനു പറ്റിയ ഒരിടം തന്നെയാണിത്.
ആകാശ ഭംഗി കാണുമ്പോള്‍ മേഘങ്ങള്‍ പൊതിഞ്ഞുവച്ചിരിക്കുകയാണോ എന്നു തോന്നിപ്പോവുന്ന അതിമനോഹര കാഴ്ചയാണത്. പ്രകൃതിയാണെങ്കിലോ കോടമഞ്ഞു പുതച്ചുറങ്ങുകയാണെന്ന് തോന്നും. ഇതെല്ലാം വേണ്ടുവോളം ആസ്വദിക്കാന്‍ ഇവിടെ ട്രക്കിങ് നടത്തിയാല്‍ മതി.
ആളുയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ വകഞ്ഞ് മാറ്റി കുത്തനെയുള്ള മല കയറാം. ഇതിനിടയില്‍ പലപ്പോഴായി ചെറു ചാറ്റല്‍ മഴയും കോടമഞ്ഞും യാത്രികരെ തഴുകിക്കൊണ്ടിരിക്കും.
ഇവിടെ ട്രക്കിങ് നടത്തുന്ന ജീപ്പുകളും കാണാം. ട്രക്കിങ്ങിനിടെ കാഴ്ചകള്‍ ആസ്വദിച്ചും ഫോട്ടെയെടുത്തുമെല്ലാം മുന്നോട്ട് നീങ്ങാം. ഇനി മുകളിലെത്തിയാല്‍ പ്രകൃതി നമ്മുക്ക് സമ്മാനിക്കുന്നതോ ഒരു സ്വര്‍ഗീയ അനുഭൂതിയായിരിക്കും. ഒരിക്കലും വാക്കുകള്‍ കൊണ്ടൊന്നും വിവരിക്കാനാകാത്ത ഒരു വിസ്മയ ലോകം തന്നെയാണത്.
മുകളിലെത്തിയാല്‍ ആകാശത്തെത്തിയെന്നു തോന്നിപ്പോവും. ഇപ്പോ തൊടാം ആകാശം എന്ന പോലെ.
ഇടക്കിടെ ചെറിയ ചാറ്റല്‍ മഴയും. തൊട്ടുപിന്നാലെ താണിറങ്ങുന്ന കോടമഞ്ഞും ഇതോടെ സ്വപനലോകത്തായിപ്പോവും നമ്മള്‍.
തഴുകിയെത്തുന്ന മന്ദമാരുതനും മൂടല്‍ മഞ്ഞുമെല്ലാം ആസ്വദിച്ച് ഏറെ നേരമങ്ങനെയിരിക്കാം ഇവിടെ. സ്വസ്ഥമായി മനസ് ശാന്തമായി ഒപ്പം നല്ല മെലഡി ഗാനങ്ങള്‍ കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പ്രകൃതിയോടിണങ്ങി ഏറെ നേരം ഇവിടെ ചെലവഴിക്കാവുന്നതാണ്.
കോഴിപ്പാറ വെള്ളച്ചാട്ടം
കക്കാടംപൊയിലിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സൈലന്റ് വാലി ദേശീയോദ്യാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. ഉയരത്തില്‍ നിന്നു കുത്തനെ പതിച്ച് പാല്‍ പോലെ പരന്നൊഴുകുന്ന ഈ കാനനസുന്ദരി ഏവര്‍ക്കും കൗതുകമാവുമെന്നതില്‍ തെല്ലും സംശയമില്ല. മനോഹരമായ നിബിഢ വനത്തിനുള്ളില്‍ നിന്നും പരന്നൊഴുകിയെത്തുന്നതാണ് ഈ വെള്ളച്ചാട്ടം.
കടുത്ത വേനലില്‍ പോലും തണുത്ത കാലാവസ്ഥയാണ് ഇവിടെ. അതുകൊണ്ട് തന്നെ വേനല്‍ കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും വളരെ ഏറെയാണ്. സഞ്ചാരികളെത്തുന്നതിനാല്‍ ഇവിടെ സുരക്ഷയ്ക്കായി പുഴയുടെ തീരങ്ങളില്‍ ഇരുമ്പ് വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥലത്ത് സുരക്ഷ ഗാര്‍ഡുകളുമുണ്ടാകും.
മണ്‍സൂണിലെ മഴയില്‍ രൗദ്ര ഭാവമായിരിക്കും കോഴിപ്പാറ വെള്ളച്ചാട്ടത്തിന്. എന്നാല്‍ വേനലില്‍ ശാന്തമായി പരന്നൊഴുകി സഞ്ചാരികളെ വിസ്മയിപ്പിക്കുകയും ചെയ്യും. വെള്ളച്ചാട്ടത്തിന് സമീപം തന്നെയാണ് ട്രക്കിങ്ങിനുള്ള സൗകര്യവും. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടെ ഉത്തമം. ഇനി വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയും ശബ്ദവും ഭംഗിയും ആസ്വദിച്ച് കാട്ടിനുള്ളില്‍ കഴിയണമെങ്കില്‍ അതുമാകാം.
അത്തരത്തിലുള്ള ഹോം സ്റ്റേകളും ഇവിടെ ലഭ്യമാണ്. നിലമ്പൂരില്‍ നിന്നു കോഴിപ്പാറ വെള്ളച്ചാട്ടത്തിലെത്താന്‍ അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് വേണം പോകാന്‍. എന്നാല്‍ കോഴിക്കോട് നിന്നുള്ളവര്‍ക്ക് മുക്കം, കാരമ്മൂല, കൂടരഞ്ഞി വഴിയും ഇവിടെയെത്താവുന്നതാണ്. രണ്ടു ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളുമുണ്ട്.
ഇനി റിസോര്‍ട്ടിലെ താമസം ആസ്വദിക്കണമെങ്കില്‍ അതിനും സൗകര്യമുണ്ട്. മായാട്ടി ബോട്ടിക്, പിനാക്കിള്‍ ഇന്‍, സെലെസ്റ്റ റിസോര്‍ട്ട്, സത്വ ദി അവേക്കനിങ് ഗാര്‍ഡന്‍, ദുറാ ഹില്‍ വ്യൂ റിസോര്‍ട്ട് എന്നിങ്ങനെ നിരവധി റിസോര്‍ട്ടുകള്‍ ഇവിടെ ലഭിക്കും.
Kakkadampoyil, known as "Mini Gavi," is a breathtaking location situated on the border of Malappuram and Kozhikode districts at an elevation of 2200 meters above sea level.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."