സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും
ദോഹ:ജിസിസി രാജ്യങ്ങളായ ഖത്തറും സഊദിയും സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഉൾപ്പെടെ നിർണായക കരാറുകളിൽ ഒപ്പുവെച്ചു . ഈ ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരാണ് കരാറിൽ ഒപ്പുവെച്ചത്. ഖത്തർ സന്ദർശിച്ച സഊദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദും ഖത്തർ ആഭ്യന്തര മന്ത്രിയും സുരക്ഷാ വിഭാഗമായ ലഖ്‌വിയ കമാൻഡറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും തമ്മിൽ നടന്ന കൂടികാഴ്‌ച്ചക്കു പിന്നാലെയാണ് സുരക്ഷാ സഹകരണ കരാറിൽ ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ ശാസ്ത്ര, പരിശീലന, ഗവേഷണ പദ്ധതികളിലും സഹകരിക്കുമെന്നും. സുരക്ഷ ആവശ്യങ്ങളുടെ ഭാഗമായി വ്യക്തികത വിവരങ്ങൾ പരസ്പരം കൈമാറാനുള്ള ധാരണയാണ് ഇതിൽ പ്രധാനമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും സഊദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദും കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിൻ്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ അറിയിക്കുകയും ഖത്തർ സർക്കാരിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഖത്തർ സുരക്ഷാ വിഭാഗത്തിന്റെ ആസ്ഥാനവും സഊദി ആഭ്യന്തര മന്ത്രി സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."