തീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്‍സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി
വയനാട്ടില്‍ മരണം മലയിറങ്ങിയ രാത്രിയില്‍ അച്ഛനും,അമ്മയും,അനിയത്തിയും, വേണ്ടപ്പെട്ടവരുമെല്ലാം മണ്ണടരുകളില്‍ അമര്‍ന്നു പോയ ആ രാത്രിക്കൊടുവില്‍ ശൂന്യമായ മനസ്സുമായി വിറങ്ങലിച്ചു പോയ ശ്രുതിയെ ചേര്‍ത്തു പിടിക്കാന്‍ അവനുണ്ടായിരുന്നു. ജെന്‍സന്‍. കൈവിടില്ലെന്ന് ഉറക്കെ പറഞ്ഞ് ഗാഢമായി അവളെ ചേര്‍ത്തു നിര്‍ത്തിയ അവന്‍, അവളുടെ ജീവനായ അവന്‍ മറ്റൊരു രാത്രിയില്‍ അവളെ വിട്ടു പോയിരിക്കുന്നു. തന്റെ ഉയിര്‍ ശേഷിക്കുന്നുവെന്ന് താന്‍ തിരിച്ചറിഞ്ഞ ഗാഢാലിംഗനം തന്റെ ജീവിതത്തിന് താളമാവേണ്ടിയിരുന്നു അവന്റെ ഹൃദയ താളവും നിലച്ചു പോയിരിക്കുന്നു. കൂടെ ഞാനുണ്ടെന്ന് ചേര്‍ത്തുനിര്‍ത്താന്‍ ജന്‍സന്‍ ഇനി അവള്‍ക്കൊപ്പമില്ല.
ഹൃദയം പറിച്ചെടുക്കുന്ന നോവില്‍ അവള്‍ അവന് യാത്രാമൊഴിയോതി. കണ്ണീര്‍കുതിര്‍ന്ന അന്ത്യചുംബനം അര്‍പ്പിച്ചു. ജെന്‍സന്റെ വേര്‍പാടില്‍ നാടു മുഴുവന്‍ തേങ്ങുകയാണ്.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സന്‍. ചൊവ്വാഴ്ച കല്‍പറ്റക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് ജെന്‍സന് ഗുരുതരമായ പരിക്കേറ്റത്. ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ബുധനാഴ്ച രാത്രിയോടെ ജെന്‍സന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ലിയോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രുതിയും.
ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരിച്ചിരുന്നു. പിതാവിന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.
ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും വീടടക്കം ഉരുള്‍ കൊണ്ടുപോയി.
രണ്ട് മതവിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഇരുവര്‍ക്കും ആഗ്രഹം. ഇതിനിടെയാണ് വാഹനാപകടം ശ്രുതിയുടെ ജീവിതത്തില്‍ വീണ്ടും ഇരുള്‍ പടര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."