HOME
DETAILS

മക്രോണിന് തിരിച്ചടി; ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ മുന്നേറ്റം

  
Web Desk
July 01 2024 | 06:07 AM

Far right wins first round in France election

പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനു തിരിച്ചടി. ആദ്യഘട്ട വോട്ടെടുപ്പില്‍ മാക്രോണിന്റെ ടുഗതര്‍ അലയന്‍സ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്നാണ് വിവിധ ഏജന്‍സികളുടെ പോള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്നലെയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മറൈന്‍ ലീ പെന്നിന്റെ തീവ്ര വലതുക്ഷപാര്‍ട്ടിയാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷമേ അന്തിമ ഫലം അറിയാനാകൂ. ജൂലൈ ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

49.5 ദശലക്ഷം വോട്ടര്‍മാരാണ് 577 അംഗ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 
പ്രാഥമിക കണക്കുകള്‍ പ്രകാരം നാഷണല്‍ റാലിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യം 34 ശതമാനം വോട്ടാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യത്തിന് 28.1 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. മക്രോണിന്റെ പാര്‍ട്ടി 20.3 ശതമാനം വോട്ടുമായി  മൂന്നാം സ്ഥാനത്താണ്.

ഈ മാസം ഒമ്പതിന് നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ റാലി (എന്‍.ആര്‍) വന്‍ വിജയം നേടിയതിന് പിന്നാലെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും കുടിയേറ്റവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയം.

യൂറോപ്യന്‍ സാമ്പത്തിക മേഖലയെയും യുക്രെയിനിനുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുടെ പിന്തുണയെയും തെരഞ്ഞെടുപ്പ് ഫലം കാര്യമായി സ്വാധീനിക്കും. പണപ്പെരുപ്പവും നേതൃത്വത്തിലെ പാളിച്ചകളും മാക്രോണിന് വിനയാകുമെന്നാണ് സൂചന. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."