HOME
DETAILS

ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാര്‍ഥികളെ അളക്കേണ്ട; സജി ചെറിയാനെതിരെ കെ.എസ്.യു

  
June 30 2024 | 16:06 PM

KSU against fisheries minister saji cheriyan

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവയില്‍ പ്രതിഷോധവുമായി കെ.എസ്.യു. മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥി സമൂഹത്തെ പരിഹസിക്കുന്നതാണെന്ന് കെ.എസ്.യു വിമര്‍ശിച്ചു. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാര്‍ഥികളെ അളക്കേണ്ടെന്നും കെ.എസ്.യു വ്യക്തമാക്കി. 

ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദധാന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്.എസ്.എല്‍.സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്.എസ്.എല്‍.സി തോറ്റാല്‍ സര്‍ക്കാരിന്റെ പരാജയമായി ചിത്രികരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ട് തന്നെ എല്ലാവരെയും ജയിപ്പിക്കുന്നതാണ് സര്‍ക്കാരിന് നല്ലതെന്നാണ് മന്ത്രി പറഞ്ഞത്. 

ഈ പ്രവണത നല്ലതല്ലെന്ന് പുതിയ വിദ്യാഭ്യാസ മന്തി പറഞ്ഞിട്ടുണ്ട്. അതിനാല്‍ നല്ലൊരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോള്‍ തുടങ്ങിയാല്‍ പൂട്ടാത്ത സ്ഥാപനം മദ്യശാലയും, ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങള്‍ നാള്‍ക്കുനാള്‍ പുരോഗമിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. 

അതേസമയം സജി ചെറിയാന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി 
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി രംഗത്തെത്തി. പത്താം ക്ലാസ് പാസാകുന്നവര്‍ക്ക് അക്ഷരാഭ്യാസം ഇല്ലെന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമാണെന്ന് ശിവന്‍ കുട്ടി പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദം ഉണ്ടാക്കാനാണ് ശ്രമമെന്നും ശിവന്‍ കുട്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."