HOME
DETAILS

വിശ്വകിരീടം ചൂടിയ ഇന്ത്യന്‍ സംഘത്തിന് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

  
Web Desk
June 30 2024 | 16:06 PM

bcci announces prize money for indian cricket team

ന്യൂഡല്‍ഹി: ടിട്വന്റി ലോക കിരീടം ജയിച്ച ഇന്ത്യന്‍ സംഘത്തിന് കൈനിറയെ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. 125 കോടി രൂപ പാരിതോഷികമായി നല്‍കുമെന്നാണ് സെക്രട്ടറി ജെയ് ഷാ അറിയിച്ചത്. കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി ലഭിക്കുക. 

ഐസിസി നേരത്തെ അവാര്‍ഡ് തുക പ്രഖ്യാപിച്ചിരുന്നു. 11.25 മില്ല്യന്‍ ഡോളറാണ് 2024 ടി20 ലോകകപ്പിലെ പാരിതോഷികം. ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിന് 2.45 മില്യണ്‍ ഡോളര്‍ (20.42 കോടി) രൂപയും, റണ്ണറപ്പായ സൗത്ത് ആഫ്രിക്കക്ക് 10.67 കോടിയുമാണ് ലഭിക്കുക.

അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ലോക ടിട്വന്റി കിരീടം ചൂടിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. 2007ല്‍ എം.എസ്. ധോണിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. ധോണിക്കു ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ക്യാപ്റ്റനായി രോഹിത് ശര്‍മ മാറി. 

ഫൈനലില്‍ മികച്ച ബാറ്റിങ്ങുമായി ടീമിനെ പടുത്തുയര്‍ത്തിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് പ്ലയര്‍ ഓഫ് ദി മാച്ച്. ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിന്റെ താരവുമായി. ഫൈനലിന് പിന്നാലെ ടിട്വന്റിയില്‍ നിന്ന് കളമൊഴിയുകയാണെന്ന് വിരാട് കോഹ് ലിയും, രോഹിത് ശര്‍മ്മയും, രവീന്ദ്ര ജഡേജയും പ്രഖ്യാപിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."