2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പൊലീസ് സ്റ്റേഷന്
തിരുവനന്തപുരം: 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനും പങ്കിട്ടു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം, സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. വിവിധ തരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പൊലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."