ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ കസ്റ്റഡിയിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിറങ്ങി. ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം.വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. അല്‍പ്പസമയത്തിനകം ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനാവും.
ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ല. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ദ്വായര്‍ത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അമേരിക്കന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ഡോക്ടര്‍ സ്റ്റീവ് മറബോളിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങള്‍ അവളെ വിലയിരുത്തുന്നതെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യര്‍, ചിലര്‍ തടിച്ചവരാകാം ചിലര്‍ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."