എഞ്ചിനീയറിങ് കോളേജ് വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ ഫോണ്‍ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഏഴ് പേർ കസ്റ്റഡിയിൽ
ഹൈദരാബാദ്:ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ ഏഴ് പേരെയാണ് ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിരലടയാള സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്യുകയും, കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കുകയും ചെയ്തു.കോളേജ് മാനേജ്‌മെന്‍റ് വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു.
ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ ഒരു വിദ്യാർത്ഥിനി ബുധനാഴ്ചയാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. 300ലധികം ദൃശ്യങ്ങൾ ഫോണിലുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
സംഭവം കോളേജ് മാനേജ്‌മെന്‍റിനെ അറിയിച്ചിട്ടും നടപടിയുണ്ടാവാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഹോസ്റ്റലിലെ പാചകക്കാർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലെ എസ്ആർ ഗുഡ്‌വല്ലെരു എഞ്ചിനീയറിംഗ് കോളേജിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയാണ് ഈ കേസിൽ പിടിയിലായത്. പണം വാങ്ങി ഈ വിദ്യാർത്ഥി ദൃശ്യങ്ങൾ വിതരണം ചെയ്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."