കലോത്സവവേദി അതിജീവനത്തിന്റെ നേര്‍സാക്ഷ്യം; കിടമത്സരങ്ങളുടേയും തര്‍ക്കങ്ങളുടേയും വേദിയാവാതിരിക്കാന്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നുണ്ട്. ഇത് അതിജീവനത്തിന്റെ തെളിവാണ്. ഇത്തരം അതിജീവനങ്ങളുടെ നേര്‍ക്കാഴ്ച്ചയാവുകയാണ് കലോത്സവമെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ ആഘാതത്തില്‍ അവിടങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വരമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയി. കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കിയും പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും നാം അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സര്‍വ്വതല സ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവര്‍ത്തനങ്ങളും അതിന്റെ മൂര്‍ത്തീഭാവമായ ഇത്തരം മേളകളുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല കലാരൂപങ്ങളും അതിന്റെ സൃഷ്ടാക്കളും പല കാലത്തും ആക്രമണത്തിനു വിധേയമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു വേണ്ടുവോളം ഉദാഹരണങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ച തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങള്‍ നടന്നു. അതില്‍ മനസ്സുമടുത്ത് കലാപ്രവര്‍ത്തനം നിര്‍ത്തിയില്ല ആ കലാകാരന്മാര്‍. ഞാനിതു പറയുന്നത് കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായോ ത്യാഗമാവശ്യമില്ലാത്തവയോ അല്ല എന്നു സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളെ മനസ്സു തളരാതെ അതിജീവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്കു കടക്കുന്നവര്‍ ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്‌നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ്. കലാപ്രകടനങ്ങള്‍ക്കുള്ള വേദിയായിരിക്കുമ്പോള്‍ തന്നെ അത്തരം കാഴ്ചപ്പാടുകള്‍ക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."