തലസ്ഥാനത്തിനി 'കലയൊഴുകും'; 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടിയുടെ നാമഥേയത്തിലുള്ള നിളയില്‍ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലുള്ള കൊടിമരത്തില്‍ രാവിലെ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ എ. ഷാനവാസ് പതാക ഉയര്‍ത്തുന്നതോടെ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് കലാമണ്ഡലം അണിയിച്ചൊരുക്കിയ അവതരണശില്‍പത്തോടെയാണ് വേദികള്‍ ഉണരുക. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങളുമായെത്തുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘനൃത്തവും അവതരിപ്പിക്കും.
നദികളുടെ പേരിട്ട 25 വേദികളിലേക്ക് 14 ജില്ലകളില്‍നിന്നായി പതിനായിരത്തിനു മുകളില്‍ പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനെത്തുന്നത്. വേദികളില്‍ തിരശീല ഉയരുന്നതോടെ തിരുവനന്തപുരം ഇനി അഞ്ചുനാള്‍ കലയുടെ കൂടി തലസ്ഥാനമാകും. മുഖ്യമന്ത്രി രാവിലെ പത്തു മണിക്ക് തിരികൊളുത്തുന്നതോടെ നഗരത്തില്‍ പലയിടങ്ങളിലായി ഒരുക്കിയ 24 വേദികള്‍ കലയാല്‍ സജീവമാകും. അവതരണ ശില്‍പത്തില്‍ ചരിത്രത്തിലാധ്യമായി ഗോത്രവിദ്യാര്‍ഥികളും ചുവടുവയ്ക്കും. ഉദ്ഘാടന ചടങ്ങില്‍ ഒമ്പതര മിനിറ്റ് നീളുന്നതാണ് കേരളീയ കലകളെല്ലാം സമന്വയിപ്പിച്ചുള്ള രംഗ ശില്‍പം. 42 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
വിവിധ ജില്ലകളില്‍നിന്ന് ഓണ്‍ലൈനായി ഏകദേശം 700 രജിസ്‌ട്രേഷനുകള്‍ ഇന്നലെ വൈകുന്നേരം വരെ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."