സര്‍ക്കാരിന് ആശ്വാസം; വയനാട് ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്‌റ്റേറ്റ് ഉടമകളായ ഹാരിസണ്‍ മലയാളം, എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് എന്നിവര്‍ നല്‍കിയ ഹരജികളാണ് തള്ളിയത്.
ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നഷ്ടപരിഹാരം കുറഞ്ഞെന്ന് തോന്നിയാല്‍ ഹരജിക്കാര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹരജികളിന്മേല്‍ നവംബര്‍ 26നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു.
ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കല്‍പ്പറ്റ് എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."