മൂന്ന് ഫോർമാറ്റിലും 4000 റൺസ്; കോഹ്‌ലിയും രോഹിത്തും മാത്രം നേടിയ റെക്കോർഡിലേക്ക് ബാബറും
ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി പാകിസ്ഥാൻ താരം ബാബർ അസം. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും 4000 റൺസ് തികക്കുന്ന മൂന്നാമത്തെ താരമായായാണ് ബാബർ മാറിയത്. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ബാബർ ഈ തകർപ്പൻ നേട്ടം കൈപ്പിടിയിലാക്കിയത്.
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാല് റൺസിനാണ് താരം പുറത്തായത്. ചെറിയ സ്കോറിന് പുറത്തായെങ്കിലും താരം ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് പിന്നിട്ടു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർ മാത്രമാണ് ഇത്തരത്തിൽ മൂന്നു ഫോർമാറ്റുകളിലും 4000 റൺസ് പിന്നിട്ടുള്ളത്. പാകിസ്ഥാനായി 123 ഏകദിനങ്ങളിൽ നിന്നും 5957 റൺസും 128 ട്വന്റി ട്വന്റി മത്സരങ്ങളിൽ 4223 റൺസുമാണ് ബാബർ നേടിയിട്ടുള്ളത്. അന്താരഷ്ട്ര ട്വന്റി ട്വന്റി ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ബാബർ.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 211 റൺസിനാണ് പാകിസ്ഥാൻ പുറത്തായത്. പാകിസ്ഥാന് വേണ്ടി കമ്രാൻ ഗുലാം 71 പന്തിൽ 54 റൺസ് നേടി തിളങ്ങി. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 27 പന്തിൽ 28 റൺസ് നേടി ആമിർ ജമാലും 62 പന്തിൽ 27 റൺസ് നേടി മുഹമ്മദ് റിസ്വാനും മികച്ച ചെറുത്തുനിൽപ്പ് നടത്തി.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങിൽ ഡാനെ പാറ്റേഴ്സൺ അഞ്ചു വിക്കറ്റും കോർബിൻ ബോഷ് നാല് വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. മാർക്കോ ജാൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."