പാര്‍ലമെന്‍റിലെ സംഘര്‍ഷം, രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയത് 5 വകുപ്പുകൾ, 7വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
ഡൽഹി: പാര്‍ലമെന്‍റ് സംഘര്‍ഷത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്‍റ് പൊലിസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൂടാതെ ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പക്ഷേ കേസെടുത്തിട്ടില്ല. ജീവന്‍ അപായപ്പെടുത്തും വിധം പെരുമാറി, മനപൂര്‍വം മുറിവേല്‍പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടന ശിൽപ്പി ബിആർ അംബേദ്ക്കർക്കെതിരെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളാണ് പരാതിക്കടിസ്ഥാനം. എംപിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടിക്കാട്ടി വധശ്രമത്തിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് നൽകിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരുക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും, സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതെന്നും താക്കൂർ വ്യക്തമാക്കി. പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലാണ് ബിജെപി ആദ്യം പരാതി നൽകിയത്. രാഹുൽ ഗാന്ധിയാണ് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും, അദ്ദേഹം എംപിമാരെ കൈയേറ്റം ചെയ്തെന്നും അനുരാഗ് താക്കൂർ വിമര്‍ശിച്ചിരുന്നു.
A recent scuffle at the Parliament premises in India has led to an FIR being filed against Congress leader Rahul Gandhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."