'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍
കൊച്ചി: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍. പ്രസ്താവന പ്രകോപനപരവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും ഇരട്ട റോളുകള്‍ എടുക്കേണ്ടതില്ല.നിയമം പറയാന്‍ കോടതിയും വിശ്വാസ കാര്യങ്ങള്‍ പറയാന്‍ മതപണ്ഡിതന്മാരുമുണ്ട്' കൗണ്‍സില്‍ യോഗം വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി 1950ല്‍ ഫറൂഖ് കോളജിന് ആധാരം ചെയ്ത് നല്‍കുമ്പോള്‍ അവിടെ താമസക്കാര്‍ ആരും ഉണ്ടായിരുന്നില്ലന്നുള്ളതിന് വിവിധ കോടതി ഉത്തരവുകള്‍ പോലും തെളിവാണ്.1955കള്‍ മുതലാണ് ഇവിടെ കൈയേറ്റം ആരംഭിച്ചതെന്നും 1962 ലെ പറവൂര്‍ കോടതി മുതല്‍ 1975ലെ ഹൈക്കോടതി ഉത്തരവുകള്‍ വരെ സാക്ഷ്യപ്പെടുത്തുന്നു. ഫറൂഖ് കോളജിന് വില്‍പ്പന നടത്താന്‍ അധികാരമില്ലാത്ത വഖഫ് ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയതിന് കോളജ് മാനേജ്‌മെന്റിനെതിരേ ഭൂമി നല്‍കിയ ഉടമയുടെ അനന്തരവകാശികളും, സംസ്ഥാന വഖഫ് ബോര്‍ഡും നല്‍കിയ കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തില്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തില്‍ സ്പര്‍ദയുണ്ടാക്കും വിധമുള്ള പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. മുനമ്പത്ത് മാത്രമല്ല, രാജ്യത്ത് വിവിധയിടങ്ങളില്‍, മുസ്‌ലിം വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും വഖഫ് സ്വത്ത് കൈയേറിയിട്ടുണ്ട്.ഇത് കണ്ടെത്താനും സമൂഹത്തിലെ അധ:സ്ഥിതിക വിഭാഗങ്ങള്‍ക്ക് പൊതുവായി ഉപകാരപ്പെടും വിധത്തില്‍ നിയമനടപടികളിലൂടെ തിരിച്ചു പിടിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് ഷരീഫ് പുത്തന്‍പുരയില്‍, അംഗങ്ങളായ അഡ്വ.എം.എം അലിയാര്‍ മുവാറ്റുപുഴ, സജിത്ത് ബാബു, അഡ്വ.ഹാഷിം അഡ്വ.എ.ഇ അലിയാര്‍, ടി.എ മുജീബ്, സുന്നാജാന്‍, ടി.എ സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."