'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
കായംകുളം: ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി ബാബു ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്‍വം യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന്‍ സി ബാബുവിന് അംഗത്വം നല്‍കിയത്.
സി.പി.എം വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബു പറഞ്ഞു. ''പാര്‍ട്ടി ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ശക്തികളാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. മതനിരപേക്ഷത ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം നേരിട്ട ദയനീയ പരാജയം എല്ലാവരും കണ്ടതാണ്. ജി.സുധാകരന് പോലും ഇപ്പോള്‍ ദയനീയമായ അവസ്ഥയാണ് ആലപ്പുഴയില്‍. ഒരു വിഭാഗത്തിന്റെ കൈയിലാണ് പാര്‍ട്ടി. ഇനി പാര്‍ട്ടിക്കു ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല.
ആലപ്പുഴയില്‍ ആയിരക്കണക്കിനു പേര് പാര്‍ട്ടി വിട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളന കാലം കഴിയുമ്പോള്‍ എല്ലാവര്ക്കും അതു ബോധ്യപ്പെടും. വര്‍ഗീയ ശക്തികള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും. പദവികള്‍ നോക്കിയല്ല ബിജെപിയില്‍ ചേരുന്നത്. അതൊക്കെ വന്നു ചേരുന്നതാണ്. കുട്ടിക്കാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്''- ബിപിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."