സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും
മലപ്പുറം: അടുത്തയാഴ്ച ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ വെള്ളിയാഴ്ചയിലെ ജുമുഅ സമയത്ത്. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ടൈംടേബിളില്‍ 13ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12.15 വരെയാണ് യു.പി വിഭാഗത്തിന് പരീക്ഷ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 12.45 വരെയാണ് പരീക്ഷ നിശ്ചയിച്ചത്.
ജുമുഅക്ക് ബാങ്ക് വിളിച്ച് അരമണിക്കൂറോളം കഴിഞ്ഞാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്. പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും ഇതുകാരണം ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാര്‍ക്ക് ബാങ്ക് വിളിക്കുന്നതിന്റ തൊട്ടുമുന്‍പായി 12.15നാണ് പരീക്ഷ അവസാനിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ സമയം വീണ്ടും അരമണിക്കൂര്‍ നീളും. ആദ്യ 15 മിനുട്ട് കൂള്‍ ഓഫ് ടൈമും പിന്നീട് രണ്ടര മണിക്കൂര്‍ പരീക്ഷയുമാണ് ഈ വിഭാഗത്തിനുള്ളത്. ഇതില്‍ എട്ടാം തരത്തില്‍ കലാ, കായിക, പ്രവൃത്തിപരിചയമാണ് വെള്ളിയാഴ്ച പരീക്ഷ.
രണ്ടേമുക്കാല്‍ മണിക്കൂര്‍ സമയം ആവശ്യമുള്ള പരീക്ഷകള്‍ വെള്ളിയാഴ്ച രാവിലെയുള്ള സെഷനില്‍ ഉള്‍പ്പെടുത്തുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസം സൃഷ്ടിക്കും. നേരത്തെ പരീക്ഷ അവസാനിക്കുന്ന വിഷയങ്ങളിലും അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കി അധ്യാപകര്‍ക്ക് വൈകിയേ പള്ളിയിലെത്താന്‍ കഴിയൂ.
ടൈംടേബിള്‍ തയാറാക്കുന്നതിലെ അനാസ്ഥ കാരണം പലപ്പോഴും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആരാധനയില്‍ പങ്കെടുക്കാന്‍ സൗകര്യപ്പെടുന്ന വിധത്തില്‍ വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കുകയോ സമയക്രമീകരണം വരുത്തുകയോ വേണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."