ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക യോഗം വിളിച്ചു. ഇന്ന് 12.30 നാണ് യോഗം. ധനവകുപ്പ്, തദ്ദേശവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ഇതുവരെയുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ധനവകുപ്പില്‍ നിന്ന് തേടിയിട്ടുണ്ട്. അതേസമയം, അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവരുടേ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഏതാണ്ട് പതിനായിരത്തോളം സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് ധന വകുപ്പിന്റെ കണ്ടെത്തല്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ താല്‍കാലിക ജവനക്കാര്‍ വരെ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പെന്‍ഷന്‍ കൈപ്പറ്റുന്നു.
തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ ഭൂരിഭാഗവും ഭിന്നശേഷി പെന്‍ഷന്‍ വാങ്ങുന്നവരാണ്. കൂടാതെ വിധവാ പെന്‍ഷന്‍ വാങ്ങുന്നവരുമുണ്ട്. മസ്റ്ററിങില്‍ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പേ റോളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നതിന്റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പുകളിലുമുണ്ട് അനര്‍ഹര്‍. കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികള്‍ക്ക് കൈമാറിയിട്ടുള്ളത്. അനര്‍ഹരുടെ പട്ടികയില്‍ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക. സര്‍വീസില്‍ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമപെന്‍ഷന്‍ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂര്‍വ്വം പണം കൈപ്പറ്റുന്നവരുമുണ്ട്. മസ്റ്ററിങിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശവകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പരാമവധി ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മത്സരിക്കുന്നതാണ് പതിവ്.
ആരൊക്കെയാണ് ഈ തട്ടിപ്പ് നടത്തിയത്, ഇവര്‍ എങ്ങനെ ഈ തട്ടിപ്പ് നടത്തി, തട്ടിപ്പിന് കൂട്ട് നിന്നവര്‍ ആരെല്ലാം ഇതെല്ലാം ഇപ്പോഴും പരമരഹസ്യം ആണ്. നടന്നത് വലിയ തട്ടിപ്പാണെങ്കിലും പണം തിരിച്ചുപിടിക്കുന്നതിനപ്പുറം പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ നീക്കമില്ല. രാഷ്ട്രീയസമ്മര്‍ദ്ദമടക്കം ഇതിന് കാരണമാണെന്നാണ്സൂചന.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നാലു മാസത്തെ ക്ഷേമ പെന്‍ഷന്‍ സംസ്ഥാനത്ത് കുടിശികയാണ്. 50, 53,078 പേരാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍. ഇതില്‍ 31,63,902 പേര്‍ സ്ത്രീകളാണ്. 18,88, 961 പേര്‍ പുരുഷന്‍മാരും. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 1,22, 865 പേരാണ് വയനാട് ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മുന്നില്‍ മലപ്പുറം ജില്ലയാണ്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. മൂന്നാം സ്ഥാനം തൃശൂര്‍ ജില്ലയ്ക്കാണ്. 5,31, 976 പേരാണ് മലപ്പുറം ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നത്. 5,18,624 പേര്‍ തിരുവനന്തപുരം ജില്ലയിലും 5,08,629 പേര്‍ തൃശൂര്‍ ജില്ലയിലും ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."