വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മംഗലപുരത്തെ പാര്‍ട്ടി വിഭാഗീയതയില്‍ നടപടിയുമായി സിപിഎം. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.
മംഗലപുരം സി.പി.എം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിയ ഉടനെ പാര്‍ട്ടി വിട്ടതായി മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി പറഞ്ഞിരുന്നു. ഞയറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ നിന്നുമാണ് ഉച്ചയോടെ മധു മുല്ലശ്ശേരി ഇറങ്ങിപ്പോയത്.
പുതിയ കമ്മിറ്റിയില്‍ എം. ജലീലിനെ സെക്രട്ടറിയായി നിര്‍ദേശിച്ചു. ഇതോടെയാണ് മധു മുല്ലശ്ശേരി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി. ജോയ്, എ.എ റഹീം എം.പി, എം. വിജയകുമാര്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് സമ്മേളന നടപടികള്‍ നടന്നത്. സമ്മേളന സ്ഥലത്തുനിന്ന് പുറത്തുപോയ മധു മുല്ലശ്ശേരിയെ അവിടുണ്ടായിരുന്ന പാര്‍ട്ടി നേതൃത്വം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിട്ടും വിജയം കണ്ടില്ല.
സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറിയെ മാറ്റുന്നതിന് യാതൊരു കാരണവും ഉണ്ടായിട്ടില്ലെന്ന് മധു മുല്ലശ്ശേരി പറഞ്ഞു. ചര്‍ച്ചകളില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നില്ല. പാര്‍ട്ടി ഓഫിസ് നിര്‍മിച്ചത് ഉള്‍പ്പെടെ നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഇരയാണ് താനെന്നും മധു പറഞ്ഞു.
ജില്ലാ സെക്രട്ടറിയുടെ വീട് കേന്ദ്രീകരിച്ച് സമാന്തര പ്രവര്‍ത്തനം നടക്കുന്നു. സി.പി.എമ്മുമായി ഇനി യോജിച്ചുപോകാന്‍ കഴിയില്ല. രാഷ്ട്രീയത്തില്‍നിന്ന് പിന്മാറില്ലെന്നും സജീവമായി തന്നെ തുടരുമെന്നും പുതിയ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെ നേതാക്കള്‍ തന്നെ നിരന്തരമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിലേക്ക് മധു മുല്ലശ്ശേരിയെ എടുക്കുന്നതില്‍ പ്രദേശിക തലത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."