ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പയ്യന്നൂർ (കണ്ണൂർ): വന്ദേഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ പയ്യന്നൂരിൽ ഉണ്ടാകുമായിരുന്ന വൻ ട്രെയിൻ ദുരന്തം ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടു മുമ്പ്, റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കോൺക്രീറ്റ് മിക്‌സുമായി രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കോൺക്രീറ്റ് മിക്‌സിങ് യന്ത്രം കയറാൻ ശ്രമിച്ചതാണ് അപകട സാധ്യതയുണ്ടാക്കിയത്.
ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. പയ്യന്നൂരിൽ സ്റ്റോപ്പില്ലാത്ത വന്ദേഭാരത് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ട്രാക്കിൽ നിന്ന് കോൺക്രീറ്റ് മിക്‌സിങ് യന്ത്രം മാറ്റുകയും ചെയ്തു. പയ്യന്നൂർ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ പിന്നീട് യാത്ര തുടർന്നു.
സ്ഥലത്തെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിന്റെ ഡ്രൈവർ കർണാടക സ്വദേശി കാശിനാഥനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾക്ക് ഈ യന്ത്രം ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി റെയിൽവേ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."