പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ
എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണവുമായി എം.ആർ.അജിത്‌കുമാർ. കരിപ്പൂരിലെ സ്വർണക്കടത്തിൽ പി.വിജയന് പങ്കുള്ളതായി എസ്.പി സുജിത് ദാസ് അറിയിച്ചെന്ന് ഡി.ജി.പിക്ക് മൊഴി നൽകി എം.ആർ.അജിത്‌കുമാർ. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് മൊഴി ഉൾപ്പെടുത്തിയിരിക്കുന്നത്.സംസ്‌ഥാന പൊലിസിലെ ഉന്നത പദവിയിലിരിക്കുന്ന എം. ആർ. അജിത്കുമാർ, അതേ പദവിയുള്ള പി.വിജയനെതിരെ കേട്ടാൽ ഞെട്ടുന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നു. പൊലിസ് ആസ്‌ഥാനത്തേക്ക് വിളിച്ചുവരുത്തി ഡി.ജി.പിയും സംഘവുമെടുത്ത രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് അജിത്‌കുമാർ തനിക്കെതിരായ സ്വർണക്കടത്ത് ആരോപണം പി.വിജയനെതിരായി തിരിച്ചടിച്ചത്.
മലപ്പുറത്ത് പിടികൂടുന്ന സ്വർണത്തിൻ്റെ പങ്ക് അജിത്‌കുമാറും സുജിതദാസും ചേർന്ന് വീതിച്ചെടുക്കുന്നുവെന്ന പി.വി. അൻവറിൻ്റെ ആരോപണമായിരുന്നു ചോദ്യം. ആരോപണം അജിത് നിഷേധിച്ചു. എന്നാൽ പി.വിജയൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐ.ജിയായിരിക്കെ അദേഹത്തിന് കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പങ്കുള്ളതായി മലപ്പുറം എസ്.പി സുജിത് ദാസ് തന്നെ അറിയിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും പങ്കുണ്ട്. ഇത്തരം വിവരങ്ങൾ ലഭിച്ചതോടെയാണ് സ്വർണക്കടത്തിനെതിരെ നടപടി ശക്തമാക്കാൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകിയന്നാണ് അജിത്‌കുമാർ മൊഴി നൽകിയത്.
ആരോപണത്തിന് അപ്പുറം തെളിവൊന്നും നൽകാത്തതിനാൽ മൊഴി രേഖപ്പെടുത്തിയത് അല്ലാതെ ഡി.ജി.പി തുടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. എലത്തൂർ ട്രയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് കുറ്റപ്പെടുത്തി രണ്ട് വർഷം മുൻപ് പി.വിജയനെ സസ്പെൻഡ് ചെയ്യാൻ ചുക്കാൻ പിടിച്ചതും അജിത്‌കുമാറായിരുന്നു. എന്നാൽ സ്വർണക്കടത്തെന്ന ഗുരുതര ആരോപണം വിജയനെതിരെ ഉയർത്തിയിട്ടും വിജയനെ ഇന്റലിജൻസ് മേധാവിയായി സർക്കാർ നിശ്ചയിച്ചത് അജിത്കുമാറിന്റെ ആരോപണം തള്ളിയതിന്റെ തെളിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."