'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. സി.പി.എം നേതാവും ലോക്‌സഭ സ്ഥാനാര്‍ഥിയുമായിരുന്ന സുനില്‍കുമാറിന് കൊടുക്കാത്ത പ്രാധാന്യം എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് സര്‍ക്കാര്‍ നല്‍കിയെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ആക്ഷന്‍ ഹീറോ ആയി എന്‍ഡിഎ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചു. മാത്രമല്ല മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്പില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും അദ്ദേഹം തുറന്നടിച്ചു.
പൊലിസ് സഹായിക്കാതെ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ആംബുലന്‍സില്‍ എത്താന്‍ കഴിയുമോ? വീഴ്ചകളില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടപടികള്‍ എടുക്കേണ്ടതായിരുന്നു. ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയില്ല. സാധാരണഗതിയില്‍ വാഹനങ്ങള്‍ തടയാറുണ്ട്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് വന്നത് വൈകി. സാധാരണ ജനക്കൂട്ടത്തെ രണ്ടായി തിരിക്കും. ജനക്കൂട്ടത്തെ ശത്രുതയോടെ കണ്ടു. ഒരു അനുഭവ പരിചയവുമില്ലാത്തയാളെ തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ആക്കി വെച്ചു. സര്‍ക്കാര്‍ ലാഘവ ബുദ്ധിയോടെ ഇടപെട്ടുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ബോധപൂര്‍വ്വം പൂരം കലക്കാന്‍ ശ്രമിച്ചു. സാഹചര്യം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത രൂപത്തിലേക്ക് പോയി. വെടിക്കെട്ടിന് അനുമതി നല്‍കിയത് പുലര്‍ച്ചെ അഞ്ച് മണിക്ക്. സുരേഷ് ഗോപിക്ക് എഡിജിപി എം.ആര്‍ അജിത് കുമാര്‍ വഴിവെട്ടി കൊടുത്തു. എല്ലാം ചെയ്തത് അങ്കിത് അശോക് ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. അയാള്‍ ഇതെല്ലാം സ്വയം ചെയ്തുയെന്ന് കേരള സമൂഹം വിശ്വസിക്കുമോ? ജൂനിയറെ പൂരം നടത്തിപ്പ് ആര് ഏല്‍പ്പിച്ചു. ഒരിക്കലും ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല.
രണ്ട് മന്ത്രിമാര്‍ക്കും പൂരം കലങ്ങിയപ്പോള്‍ പരിസരത്തുപോലും വരാന്‍ കഴിഞ്ഞില്ല. തേര് എഴുന്നള്ളിച്ച് വരുന്നതു പോലെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി വന്നത്. പൂരം രക്ഷകനാണ് സുരേഷ് ഗോപി എന്ന് വരുത്തിതീര്‍ത്തു. സുരേഷ് ഗോപിയെ കൂട്ടിക്കൊണ്ട് വന്നത് പൂരം കലക്കാന്‍. പൂരം കലങ്ങിയതില്‍ വിഷമം ഉള്ള ആളുകളാണ് ഞങ്ങള്‍. ഞങ്ങളുടെ ആളുകള്‍ പൂരം സ്‌നേഹികളാണ്.ഞങ്ങളുടെ വോട്ടര്‍മാര്‍ പൂരം സ്‌നേഹികളാണ് ദൈവവിശ്വാസികളുമാണ്. സുനില്‍കുമാറിന് കൊടുക്കാത്ത പ്രാധാന്യം എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് നല്‍കി. ലക്ഷ്യം നേടിയല്ലോ എന്ന ചിന്ത നിങ്ങള്‍ക്ക് ഉണ്ടാകും. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വരുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അഞ്ചുമാസം കഴിഞ്ഞു റിപ്പോര്‍ട്ടിന് ജുഡീഷ്യല്‍ അന്വേഷണം നടക്കണം. പൂരം കലക്കിയതില്‍ ജനങ്ങളുടെ മുമ്പില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് സര്‍ക്കാരെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."