ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്
വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളാണ് ഇസ്‌റാഈല്‍ ആദ്യം തകര്‍ക്കേണ്ടതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലിനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ട്രംപ്. ഇസ്‌റാഈലിനു മേല്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരെ കൂടുതല്‍ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം വന്നതിന് തൊട്ടുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നത്.
'അവര്‍ അദ്ദേഹത്തോട് ചോദിച്ചു, ഇറാനെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്, ഇറാനെ നിങ്ങള്‍ ആക്രമിക്കുമോ? ആണവ കേന്ദ്രങ്ങളെ ആ?ക്രമിക്കാത്തിടത്തോളം അതുണ്ടാകില്ല എന്നായിരുന്നു മറുപടി. എന്നാല്‍, ബൈഡന് തെറ്റിപ്പോയി. അതാണ് ആദ്യം ആക്രമിക്കേണ്ടത്. ആണവ ആയുധങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളി' -ട്രംപ് പറഞ്ഞു.
ബൈഡനോട് അങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോള്‍, ആദ്യം ആണവായുധങ്ങളെ ആക്രമിക്കുക, ബാക്കി കാര്യങ്ങളെക്കുറിച്ച് പിന്നീട് ആശങ്കപ്പെടാം എന്നാണ് മറുപടി നല്‍കേണ്ടിയിരുന്നതെന്നും ട്രംപ് പറഞ്ഞു. ഇനി എന്താണ് അവരുടെ പദ്ധതികളെന്ന് നോക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്‌റാഈലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാന്‍-ഇസ്രയേല്‍ പ്രശ്‌നത്തേക്കുറിച്ച് ബൈഡന്‍ പറഞ്ഞത്.
ഇറാന്റെ ആണവ കേന്ദ്രങ്ങളും ഇസ്റാഈല്‍ ലക്ഷ്യംവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിക്കുകയാണ്.
എ.പി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇറാന്‍ ആക്രമിച്ച ഇസ്റാഈലിന്റെ നവാതിം വ്യോമതാവളത്തിലെ നാശനഷ്ടങ്ങള്‍ വ്യക്തമാണ്. നസ്റുല്ലയെ വധിക്കാന്‍ ഇസ്റാഈല്‍ യുദ്ധവിമാനം പറന്നുയര്‍ന്ന താവളമാണ് ഇറാന്‍ തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."