'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ളാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം' സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'
ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആര്‍ത്തു ചിരിക്കുന്ന ആഹ്ളാദാരവം മുഴക്കുന്ന ഇസ്‌റാഈല്‍ സൈനികര്‍. ഒരു മറപോലുമില്ലാത്ത അതിരിനപ്പുറം നിരവധി ജീവനുകള്‍ കത്തിയാളുമ്പോള്‍ ഡി.ജെ ആഘോഷങ്ങളില്‍ അമരുന്ന ഇസ്‌റാഈല്‍ ജനത. ലോകം മനഃപൂര്‍വ്വം മറന്നു കൊണ്ടിരിക്കുന്ന സയണിസ്റ്റ് കൊടും ക്രൂരതകളെ നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ് 'അല്‍ജസീറ' ചാനലിന്റെ 'ഇന്‍വെസ്റ്റിഗേറ്റിങ് വാര്‍ ക്രൈംസ് ഇന്‍ ഗസ്സ' എന്ന പുതിയ ഡോക്യുമെന്ററി ഫിലിം.
ഗസ്സ മുനമ്പ് എന്ന ഭൂമിയിലെ തുറന്ന ജയിലില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കണ്ണില്‍ചോരയില്ലാത്ത നരനായാട്ടും കൂട്ടക്കുരുതിയും. വെള്ളമില്ല, വൈദ്യുതിയില്ല, തലചായ്ക്കാനൊരിടമില്ല, ആശുപത്രികളില്ല എങ്ങും പട്ടിണി മാത്രം.. ഏതാനും കി.മീറ്ററുകള്‍ മാത്രം അകലെ 'അപാര്‍തീഡ്' മതിലുകള്‍ക്കപ്പുറത്തെ സുരക്ഷയുടെ അഹന്തയില്‍ മുഴങ്ങുന്ന ഡി.ജെ. ആരവങ്ങള്‍..ആര്‍പ്പു വിളികള്‍ 2023 ഒക്ടോബര്‍ ഏഴിനുശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങള്‍ കൃത്യമായി പകര്‍ത്തിവച്ചിരിക്കുകയാണ് ഈ ഡോക്യുമെന്ററിയില്‍. ഗസ്സയിലെ മനുഷ്യക്കുരുതി തുടങ്ങിയിട്ട് ഒരു വര്‍ഷം തികയാനിരിക്കേ ചാനലിന്റെ അന്വേഷണാത്മക സംഘം തെളിവുകള്‍ സഹിതമാണ് ഇത് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഗസ്സയില്‍നിന്നു നേരിട്ടു പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇസ്‌റാഈലി സൈനികര്‍ തന്നെ റെക്കോര്‍ഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോകളും ചിത്രങ്ങളും കൊടും ക്രൂരതക്ക് സാക്ഷ്യം വഹിച്ചവരുടെ അനുഭവ വിവരണങ്ങളും ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നു.
ഗസ്സയിലെ ഒരു സാധാരണ സായാഹ്നം. അനേകായിരം പേര്‍ അഭയം തേടിയ ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ ചെറിയ നടുമുറ്റത്ത് പോസ്റ്റുകള്‍ കെട്ടിയുണ്ടാക്കി ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീനി ബാലന്മാര്‍. കാഴ്ചക്കാരായി നൂറുകണക്കിനു കുട്ടികള്‍. അവര്‍ക്കിടയിലേക്ക് പെട്ടെന്ന് ആകാശത്തുനിന്നു ഭീകരശബ്ദവുമായി മിസൈല്‍ പതിക്കുന്നു. കുട്ടികളെല്ലാം ചിതറിയോടുന്നു. അത്രയും നേരം കുഞ്ഞുങ്ങള്‍ ആര്‍ത്തു വിളിച്ച ആ മുറ്റത്ത് പിന്നെ നാം കാണുന്നത് ജീവനറ്റും പരുക്കേറ്റും ചിതറിക്കിടക്കുന്ന കുഞ്ഞുങ്ങളേയും തകര്‍ന്നടിഞ്ഞതിന്റെ ശേഷിപ്പുകളേയുമാണ്. ഇങ്ങനെയാണ് അല്‍ജസീറ ഡോക്യു ഫിലിം ആരംഭിക്കുന്നത്.
ഗസ്സയിലെ മിസൈല്‍ ആക്രമണദൃശ്യങ്ങള്‍ കണ്ട് ആര്‍ത്തട്ടഹസിക്കുന്ന ഇസ്‌റാഈല്‍ സൈനികര്‍. സൈനിക ടാങ്കിനു മുന്നില്‍നിന്ന് പാട്ടുകള്‍ക്കൊത്ത് നൃത്തം വച്ച് ടിക്‌ടോക് വിഡിയോ ചിത്രീകരിക്കുന്ന വനിതാ ഐഡിഎഫ് അംഗങ്ങള്‍, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കകത്തുനിന്ന് നൃത്തം ചെയ്തു വിഡിയോ പകര്‍ത്തുന്ന സൈനികര്‍, കണ്ണുകെട്ടി ബന്ദികളാക്കി നിര്‍ത്തിയ ഫലസ്തീനികള്‍. അവര്ക്കു മേല്‍ സൈനികര്‍ നടത്തുന്ന ക്രൂരത. ഒരു ഡിജെ പാര്‍ട്ടിയില്‍ 'നിങ്ങളുടെ ഗ്രാമം കത്തിച്ചാമ്പലാകട്ടെ' എന്നു തുടങ്ങുന്ന വരികള്‍ക്ക് ആരവങ്ങളോടെ ചുവടുവച്ച് ആര്‍ത്തുല്ലസിക്കുന്ന ഇസ്‌റാഈലി പൗരന്‍മാര്‍...അങ്ങിനെ പോവുന്നു ഡോക്യുമെന്ററി.
ഒരു മണിക്കൂറും 21 മിനിറ്റും ദൈര്‍ഘ്യമുള്ള വിശദമായ അന്വേഷണാത്മക ഡോക്യുമെന്ററിയാണ് അല്‍ജസീറ യൂട്യൂബിലൂടെ പുറത്തുവിട്ടത്. കൃത്യമായ ആസൂത്രണത്തോടെ ഇസ്‌റാഈല്‍ ഗസ്സയില്‍ നടപ്പാക്കിയ വംശഹത്യാ പദ്ധതിയെ വെളിച്ചത്തുനിര്‍ത്തുന്നു ഇതിലെ ദൃശ്യങ്ങള്‍. ഗസ്സയെ തകര്‍ത്തെറിഞ്ഞ ബോംബുവര്‍ഷങ്ങളും ഇസ്‌റാഈല്‍ നടത്തിയ കൊള്ളയും കൊലയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം അക്കമിട്ടുനിരത്തുന്നുണ്ട് ഇതില്‍.
സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍, റോഡുകള്‍ തുടങ്ങി ഒരു രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളും തകര്‍ത്ത് ഒരു ജനതയെ തെരുവിലാക്കിയതിന്റെ നാള്‍വഴികള്‍ വ്യക്തമായി ഇതില്‍ വിശദീകരിക്കുന്നു. ഉത്തര ഗസ്സ മുതല്‍ ഗസ്സ സിറ്റി വരെയും അവിടെനിന്ന് ഖാന്‍ യൂനിസും കടന്ന് റഫ...ഗസ്സയിലെ അവസാനത്തെ സുരക്ഷിതകേന്ദ്രമെന്നു കരുതി ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഓടിച്ചെന്നു തിങ്ങിപ്പാര്‍ത്ത റഫായിലും അവസാനം ബോംബ് വര്‍ഷിക്കുന്നു. യുഎന്‍ അംഗീകാരമുള്ള അഭയാര്‍ഥി ക്യാംപുകള്‍ വരെ തകര്‍ത്തുകളഞ്ഞ കൊടുംഭീകരത.
അല്‍ജസീറയുടെ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാധാരണ മനുഷ്യര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അന്താരാഷ്ട്രീയ വിദഗ്ധര്‍ എന്നിവരുടെയെല്ലാം കണ്ണിലൂടെയാണ് ഗസ്സയെ നമുക്ക് കാണിച്ചു തരുന്നത്.
തങ്ങളുടെ യുദ്ധക്കുറ്റങ്ങളെല്ലാം ഇസ്‌റാഈല്‍ നിഷേധിക്കുകയാണെന്നും ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സിവിലിയന്മാരെ തിരഞ്ഞുപിടിച്ചു കൊന്നെന്ന '+972' മാഗസിനിന്റെ ലേഖനം ഉള്‍പെടെ മുഴുവന്‍ ആരോപണങ്ങളും ഇസ്‌റാഈല്‍ തള്ളി. വീടുകളില്‍ കഴിയുന്ന ആയിരങ്ങളെ കൊല്ലുന്ന ഒരു നയവും തങ്ങള്‍ക്കില്ലെന്നും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്നുമെന്ന ന്യായം വീണ്ടും വീണ്ടും അവര്‍ നിരത്തുന്നു. വെള്ളത്തുണിവീശി അഭയം തേടി പോവുന്ന കുഞ്ഞുങ്ങള്‍ക്കു നേരെ കാഞ്ചി വലിക്കുന്നു.
ഒക്ടോബര്‍ ഏഴിനുശേഷം ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ കൊന്നുകളഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ സ്മരണയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. ഫോട്ടോജേണലിസ്റ്റ് സാമിര്‍ അബൂദഖ, റിപ്പോര്‍ട്ടര്‍മാരായ ഹംസ അല്‍ദഹ്ദൂഹ്, ഇസ്മാഈല്‍ അള്‍ഗൗല്‍, റാമി അല്‍രീഫി എന്നിങ്ങനെ കൊല്ലപ്പെട്ട നാല് അല്‍ജസീറ റിപ്പോര്‍ട്ടര്‍മാരെയും, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ഗസ്സ ബ്യൂറോ ചീഫ് വാഇല്‍ അല്‍ദഹ്ദൂഹിന്റെയും മറ്റു മൂന്ന് മാധ്യമപ്രവര്‍ത്തകരുടെയും കുടുംബങ്ങളെയും പ്രത്യേകം സ്മരിക്കുന്നുണ്ട്.
എന്റെ ഉമ്മ രക്തസാക്ഷിയായി..സഹോദരന്‍ രക്തസാക്ഷിയായി എല്ലാം അവര്‍ തകര്‍ത്തു. നിങ്ങള്‍ എന്തു കൊണ്ടാണ് ഞങ്ങളെ കാണാത്തതെന്ന കുഞ്ഞുമോളുടെ ചോദ്യത്തിന് മുന്നില്‍ നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ പൊന്നുമക്കളുടെ പേര് വിളിക്കുന്ന ഉപ്പാന്റെ ശബ്ദ കേള്‍ക്കാതിരിക്കാന്‍ നമുക്കിനിയും ചെവിയടച്ചിരിക്കാം....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."