സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍
ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ സ്‌റ്റേ ഉത്തരവ് അവഗണിച്ച് ഉത്തര്‍പ്രദേശില്‍ ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് വീണ്ടും യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ തട്ടുകടകള്‍ മുതല്‍ വന്‍കിട റസ്റ്റോറന്റുകള്‍ വരെയുള്ള എല്ലാ ഭക്ഷ്യശാലകളുടെയും മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം.
2006 ഭക്ഷ്യ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 56ന്റെ മറ പിടിച്ചാണ് നീക്കം. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍ തടയുകയെന്ന അവകാശവാദമാണ് വര്‍ഗീയസ്വഭാവമുള്ള നടപടിക്ക് യു.പി സര്‍ക്കാര്‍ പറയുന്ന ന്യായം. ഭക്ഷണത്തില്‍ തുപ്പല്‍, മൂത്രം തുടങ്ങി മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ടെന്നും അതി തടയാനാണ് ഇത്തരത്തിലൊരു നീക്കമെന്നും തങ്ങളുടെ വിദ്വേഷ ചെയ്തിയെ യോഗി ഭരണകൂടം ന്യായീകരിക്കുന്നു.
ഹോട്ടലുകളുടെയും മറ്റും മുമ്പില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്ന വിധത്തില്‍ ഭക്ഷ്യസുരക്ഷാ നിലവാര നിയമവും ഭേദഗതി ചെയ്യാമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ ആദിത്യനാഥ് പറഞ്ഞിരുന്നു.
ഉടമയുടെ പേര്, ജീവനക്കാരുടെ പേര്, ഇവരുടെയെല്ലാം വിലാസം തുടങ്ങിയവയെല്ലാം സ്ഥാപനത്തിന്റെ പുറത്തുതന്നെ പ്രദര്‍ശിപ്പിക്കാനാണ് ആലോചന. ഈ വര്‍ഷം ഇതാദ്യമായല്ല ആദിത്യനാഥ് ഭക്ഷണം വില്‍ക്കുന്നവര്‍ പേരുവിവരങ്ങള്‍ ഭക്ഷണശാലകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നത്.
അടുത്തിടെ കാവടിയാത്രാ റൂട്ടിലെ ഭക്ഷണശാലകളില്‍ ഉടമസ്ഥരുടെ പേരും മറ്റ് വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. വര്‍ഗീയ, വിവേചനത്തിന്റെ സ്വഭാവമുള്ള നടപടി പിന്നീട് സുപ്രിംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.സുപ്രിംകോടതിയുടെ സ്റ്റേ നിലനില്‍ക്കെയാണ് വീണ്ടും യോഗി ആദിത്യനാഥ് വിവാദനീക്കം നത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."