വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വഖ്ഫ് ഭേദഗതി ബില്‍ - 2024 സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നിർദേശങ്ങള്‍ സമര്‍പ്പിച്ചു. 1995ലെ വഖ്ഫ് നിയമത്തെ അസ്ഥിരപ്പെടുത്തുന്ന ഭേദഗതികള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കരുതെന്ന് സമസ്ത സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള നിയമത്തിന്റെ പേരുമാറ്റി കേന്ദ്ര സര്‍ക്കാരില്‍ മാത്രം കേന്ദ്രീകരിക്കുന്ന വിധത്തിലുള്ള പേരുമാറ്റം, വഖ്ഫിന്റെ തീരുമാനമെടുക്കാനുള്ള അതോറിറ്റിയായി കലക്ടറെ ചുമതലപ്പെടുത്തിയത്, മുതവല്ലിയെ നിയമിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത് തുടങ്ങിയവയ്ക്കെതിരേ വിവിധ നിർദേശങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ മുഴുവന്‍ വഖ്ഫുകളും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോര്‍ട്ടല്‍ ആൻഡ് ഡാറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നീക്കം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അധികാരങ്ങള്‍ ഒഴിവാക്കിയത്, വഖ്ഫ് സ്വത്ത് കണ്ടെത്തി സംരക്ഷിക്കാന്‍ സർവേ കമ്മിഷണറെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഇല്ലായ്മ ചെയ്തത്, മതഭേദമന്യേ വഖ്ഫ് ചെയ്യാനുള്ള നിയമസാധുത ഒഴിവാക്കിയത്, ഉപയോഗം മൂലം വഖ്ഫായി പരിഗണിക്കപ്പെട്ടു വന്നിരുന്ന വസ്തുക്കളെ വഖ്ഫല്ലാതാക്കി മാറ്റിയത് എന്നിവയും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വഖ്ഫ് അലല്‍ ഔലാദിനെ പാരമ്പര്യ സ്വത്ത് പോലെ വീതം വയ്ക്കാനുള്ള അധികാരം നല്‍കിയത്, ആധാരത്തെക്കുറിച്ചോ വാഖിഫിനെക്കുറിച്ചോ ഭൂഅതിരുകളെക്കുറിച്ചോ ഉള്ള അറിവില്ലായ്മ മൂലം സ്വത്തുക്കളെ വഖ്ഫല്ലാതാക്കി മാറ്റുന്നത്, മുന്‍കാല പ്രാബല്യത്തോടെ നിലവിൽ വഖ്ഫായി ഉപയോഗിക്കുന്ന എല്ലാ ഗവണ്‍മെന്റ് ഭൂമികളും വഖ്ഫല്ലാതാക്കി മാറ്റുന്നത്, വഖഫ് വസ്തുവിനെതിരേ കലക്ടര്‍ പരാതി സ്വീകരിച്ചാല്‍ തന്നെ സ്വത്ത് വഖ്ഫല്ലാതാക്കി മാറ്റുന്നത്, പരാതി പ്രകാരമുള്ള തീര്‍പ്പ് കല്‍പിക്കാന്‍ കലക്ടര്‍ക്ക് കാലാവധി നിശ്ചയിക്കാത്തത്, വഖ്ഫ് സർവേ കമ്മിഷണറുടെ കൈവശമുള്ള മുഴുവന്‍ കാര്യങ്ങളും കലക്ടര്‍ക്ക് കൈമാറാനുള്ള നിർദേശം, സംസ്ഥാന സര്‍ക്കാരുകളുടെ ഗസറ്റ് വിജ്ഞാപനത്തിന്റെ നിയമസാധുത ഒഴിവാക്കിയത്, വഖ്ഫ് തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പിക്കാനുള്ള വഖ്ഫ് ട്രൈബ്യൂനലിന്റെ അധികാരം ഇല്ലായ്മ ചെയ്യുന്നത്, വഖ്ഫ് വസ്തുവിനെതിരേ പരാതി നല്‍കാനുണ്ടായിരുന്ന കാലാവധി എടുത്തു കളഞ്ഞത് എന്നിവയ്ക്കെതിരേയും മറ്റുമുള്ള നിരവധി നിര്‍ദേശങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലില്‍ മുസ് ലിംകളല്ലാത്ത രണ്ട് പേരെ നിര്‍ബന്ധമാക്കിയത്, സംസ്ഥാന വഖ്ഫ്ബോര്‍ഡില്‍ മുതവല്ലിമാരുടെ പ്രാതിനിധ്യം കുറച്ചത്, മുനിസിപ്പാലിറ്റി/പഞ്ചായത്തിലെ രണ്ട് മെംബര്‍മാരെ വഖ്ഫ് ബോര്‍ഡ് അംഗങ്ങളാക്കാനുള്ള നീക്കം, മുസ് ലിംകളില്‍ ജാതീയതയുണ്ടെന്ന നിലക്ക് പരാമര്‍ശം നടത്തിയത്, വഖ്ഫ് ബോര്‍ഡ് ചെയാര്‍മാനെ തെരഞ്ഞെടുക്കാനുള്ള അധികാരം ബോർഡ് അംഗങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞത്, വഖ്ഫ് ബോര്‍ഡ് സി.ഇ.ഒയെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിയമിക്കാനുള്ള നീക്കം, ആധാരപ്രകാരമല്ലാതെ സൃഷ്ടിക്കപ്പെടുന്ന വഖ്ഫിന്റെ നിയമസാധുത ഒഴിവാക്കിയത്, വഖ്ഫ് രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് നല്‍കലും കേന്ദ്ര സര്‍ക്കാറിന്റെ പോര്‍ട്ടലും ഡാറ്റാ ബേസും മാത്രമാക്കിയത് തുടങ്ങിയ നീക്കങ്ങൾക്കെതിരേയും നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്. നിരവധി നിര്‍ദേശങ്ങളും നിയമപശ്ചാത്തലങ്ങളും ഉൾപ്പെടുത്തിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാരും സമസ്തയുടെ നിവേദനം സമർപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."