പരിയാരം മെഡിക്കൽ കോളേജിൽ പ്രതിരോധ കുത്തിവെപ്പിൽ പിഴവ്; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
കണ്ണൂർ: കണ്ണൂരിൽ 25 ദിവസം പ്രായമുളള കുഞ്ഞിൻറെ കാലിൽ സൂചിക്കഷ്ണം തറച്ചു കയറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി അച്ഛൻ ശ്രീജു നൽകിയ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസ്.
24 ദിവസത്തോളം കുഞ്ഞിൻറെ കാലിൽ സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്ഐആർ. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കൽ കോളേജ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഭാര്യയെ 22ന് പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ച്. 24ന് പ്രസവിക്കുകയും. പിറ്റേ ദിവസം രണ്ട് വാക്സിൻ എടുത്തശേഷം ഡിസ്ചാർജ് ചെയ്തു.കുഞ്ഞിന്റെ തുട കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങി. അപ്പോൾ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു. പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു.
കൈയ്ക്കും കാലിനുമാണ് വാക്സിനെടുത്തതെന്നും അവർ പറഞ്ഞിരുന്നുവെന്നും ശ്രീജു പറഞ്ഞു. അതേസമയം, നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കൽ കോളേജിൻറെ സംഭവത്തെക്കുറിച്ചുള്ള വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."