ആദ്യം വീണു, പിന്നെ ഉയിർത്തെഴുന്നേൽപ്പ്; സൗത്ത് ആഫ്രിക്കക്കെതിരെ കൂറ്റൻ റെക്കോർഡുമായി പാകിസ്താൻ
ന്യൂലാൻഡ്സ്: സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ റെക്കോർഡ് കൂട്ടുകെട്ടുമായി പാകിസ്താൻ. പാക് താരങ്ങളായ ബാബർ അസം, ഷാൻ മസൂദ് എന്നിവരാണ് പ്രോട്ടിയാസിനെതിരെ മികച്ച കൂട്ടുകെട്ട് നേടിയത്. ആദ്യ ഇന്നിഗ്‌സിൽ 194 റൺസിന് പുറത്തായ പാകിസ്താൻ ഫോളോ ഓണിലേക്ക് പോവുകയായിരുന്നു. ഫോളോ ഓണിൽ ബാറ്റ് വീശിയ പാകിസ്താൻ ഓപ്പണിങ് വിക്കറ്റിൽ 205 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് നേടിയത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഫോളോ ഓൺ ഇന്നിംഗ്‌സിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ആണിത്. ഷാൻ മസൂദ് 166 പന്തിൽ 102 റൺസ് നേടി ക്രീസിൽ തുടരുകയാണ്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബാബർ 124 പന്തിൽ 81 റൺസും നേടി. 10 ഫോറുകൾ അടങ്ങുന്നതായിരുന്നു ബാബറിന്റെ ഇന്നിംഗ്സ്.
ആദ്യ ഇന്നിഗ്‌സിൽ 615 റൺസാണ് സൗത്ത് ആഫ്രിക്ക നേടിയത്. സൗത്ത് ആഫ്രിക്കക്കായി റയാൻ റിക്കൽട്ടൻ ഡബിൾ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 343 പന്തിൽ 259 റൺസാണ് അടിച്ചെടുത്തത്. 29 ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം നേടിയത്. തെംപ ബാവുമ, കെയ്ൽ വേറെയ്നെയും സെഞ്ച്വറി നേടി.
ബാവുമ 179 പന്തിൽ 105 റൺസാണ് നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ഒമ്പത് ഫോറുകളും അഞ്ചു സിക്‌സും ഉൾപ്പെടെ 147 പന്തിൽ 100 റൺസാണ് കെയ്ൽ നേടിയത്. മാർക്കോ ജാൻസൻ 54 പന്തിൽ 64 റൺസാണ് ജാൻസൻ നേടിയത്. എട്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
നിലവിൽ 1-0ത്തിന് മുന്നിലാണ് സൗത്ത് ആഫ്രിക്ക. ഇതിനോടകം തന്നെ പ്രോട്ടിയാസ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടിയിരുന്നു. ജൂൺ 11 മുതൽ 15 വരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയെയാണ് സൗത്ത് ആഫ്രിക്ക നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."